മല്ലപ്പള്ളി: മോഷണം നടത്തുക, പിടിക്കപ്പെടുക, ജയിലിൽ പോവുക. പുറത്തിറങ്ങി വീണ്ടും മോഷ്ടിക്കുക പിന്നെയും ജയിലിൽപ്പോവുക. ഇതൊരു പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം വെമ്പായം പോത്തൻകോട് സെന്റ് തോമസ് യു.പി സ്‌കൂളിന് സമീപം ജൂബിലി ഭവൻ സെബാസ്റ്റ്യൻ എന്ന് വിളിക്കുന്ന ബിജു (53) അറസ്റ്റിൽ. കീഴ്‌വായ്പൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ തുമ്പുണ്ടായിരിക്കുന്നത് പത്തോളം മോഷണക്കേസുകൾക്കാണ്. കഴിഞ്ഞ മാർച്ചിൽ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇയാൾ ഇത്രയും മോഷണം നടത്തിയതെന്നതാണ് ഏറെ കൗതുകകരം.

മോഷണം നടത്താൻ പോകുന്നതിനുള്ള വാഹനവും മോഷ്ടിച്ചെടുക്കുന്ന ബിജു ഇന്ധനം തീരുമ്പോൾ അത് ഉപേക്ഷിക്കും. പിന്നെ ആ പരിസരത്ത് നിന്ന് മറ്റൊരു വാഹനം മോഷ്ടിച്ച് അതിലാകും സഞ്ചാരം. ഇതിന്റെ ഇന്ധനം തീരുമ്പോൾ അത് ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ഫാർമസി റൂമിൽ മാർച്ച് 29 ന് പുലർച്ചെ അഞ്ചിന് ഫാർമസിസ്റ്റായ മുരണി മൂർത്തിപ്ലാക്കൽ ബിന്ദു വേണുഗോപാലിന്റെ 80,000 രൂപ വിലവരുന്ന രണ്ട് പവൻ സ്വർണമാല കവരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കുകയും ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.

മോഷണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച വിരലടയാളങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിയതിനെ തുടർന്ന് ബിജുവിന്റെ വിരലടയാളം തിരിച്ചറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

തുടർന്നാണ് മറ്റ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. മല്ലപ്പള്ളി കിഴക്ക് ചാലുങ്കൽ പഞ്ചമി ദാസ് (36), ആനിക്കാട് നല്ലൂർ പടവ് കരിമ്പൊലീൽ കമലസനന്റെ മകൻ വിശാൽ (28) എന്നിവരുടെ പരാതികൾ പ്രകാരമാണ് ഈ കേസുകൾ എടുത്തത്. പഞ്ചമിദാസിന്റെ വീടിന്റെ അടുക്കളയിൽ മാർച്ച് 29 ന് തന്നെ കയറി അടുക്കളഭാഗത്തെ ടാപ്പും ജനലിന്റെ നെറ്റും ഇളക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി.

ഏപ്രിൽ ഒമ്പതിന് രാത്രി ഒമ്പതിനും 10 ന് രാവിലെ ഏഴിനുമിടയിൽ മല്ലപ്പള്ളി കെ മാർട്ട് ഷോപ്പിങ് കോംപ്ലക്സിലെ പലചരക്കു കടയുടെ മുൻഭാഗം ഗ്ലാസ് തകർത്ത് കടക്കുള്ളിൽ കയറി ജീവകാരുണ്യ സംഭാവനക്കായി വച്ചിരുന്ന രണ്ട് ബോക്സുകളിലെ 1500 രൂപയും ഡ്രോയറിൽ നിന്നും 34800 രൂപയും മോഷ്ടിച്ചതാണ് മൂന്നാമത്തെ കേസ്. കടയ്ക്ക് പുറത്ത് വച്ചിരുന്ന ഉടമയുടെ 70000 രൂപയുള്ള സ്‌കൂട്ടറും മോഷ്ടിച്ചു. ഇയാൾ മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ കടയ്ക്ക് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇവിടെ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ പായിപ്പാട് നിന്ന് കണ്ടെടുത്തു. മോഷണം നടന്ന സ്ഥലങ്ങളിൽ നിന്നെടുത്ത വിരലടയാളങ്ങളെല്ലാം വിശദമായ ശാസ്ത്രീയ പരീക്ഷണത്തിന് വിദഗ്ദ്ധർ വിധേയമാക്കിയത് പ്രതിയിലേക്ക് എത്താൻ പൊലീസിനെ ഏറെ സഹായിച്ചു.

ചോദ്യം ചെയ്യലിൽ നിരവധി മോഷണങ്ങളെപ്പറ്റി പ്രതി വെളിപ്പെടുത്തി. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ ആറിന് ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ച് എടുത്താണ് ഒമ്പതിന് ആനിക്കാട് കെ മാർട്ടിൽ എത്തി മോഷണം നടത്തിയത്. അവിടെ ആ ബൈക്ക് ഉപേക്ഷിച്ചിട്ട് അവിടെ നിന്നെടുത്ത സ്‌കൂട്ടറുമായി കടന്നു. പിന്നീട് പായിപ്പാട് ഉപേക്ഷിച്ചു.

ഏപ്രിൽ 12 ന് ഇലവും തിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ യമഹ ബൈക്ക് മോഷ്ടിച്ചു. മാർച്ച് 25 നാണ് ബിജു തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മോചിതനായത്. തുടർന്നാണ് ഈ മോഷണങ്ങളും നടത്തിയത്. 26 ന് വെമ്പായത്തു നിന്നും ഹോണ്ട യുണികോൺ മോട്ടോർ സൈക്കിൾ മോഷ്ടിച്ചാണ് മോഷണ പരമ്പരക്ക് തുടക്കമിട്ടത്. അടുത്ത ദിവസം രാത്രിയും 28 ന് പുലർച്ചെക്കുമിടയിൽ അടൂരിൽ നിന്നും േെറനാൾട്ട് കാർ മോഷ്ടിച്ചു. പൊലീസ് അന്വേഷണത്തിൽ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിന് സമീപമുള്ള വർക്ക് ഷോപ്പിൽ നിന്നും കാർ കണ്ടെടുത്തു.

തിരുവനന്തപുരം കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, പോത്തൻകോട്, കോട്ടയം ഏറ്റുമാനൂർ, പള്ളിക്കാത്തോട്, ആലപ്പുഴ ചെങ്ങന്നൂർ, കൂടാതെ പുളിക്കീഴ്, ആറന്മുള, കീഴ്‌വായ്‌പ്പൂർ എന്നീ സ്റ്റേഷനുകളിൽഉൾപ്പെടെ 16 ഓളം മോഷണക്കേസുകൾ ബിജുവിനെതിരെ നിലവിലുണ്ട്. സാഹസികവും തന്ത്രപൂർവവും പിഴവുകളില്ലാതെയുമുള്ള കീഴ്‌വായ്‌പ്പൂർ പൊലീസിന്റെ അന്വേഷണമാണ് മോഷ്ടാവിനെ കുടുക്കാനിടയാക്കിയത്.