പന്തളം: സ്‌കൂട്ടറും മോഷ്ടിച്ച് ബഹുദൂരം പോകാത്ത യുവാവിനെ അതിവേഗം അറസ്റ്റ് ചെയ്ത് പൊലീസ്. മോഷ്ടിച്ച് കൃത്യം ആറാം മണിക്കൂറിൽ സ്‌കൂട്ടറും മോഷ്ടാവും പൊലീസിന്റെ കൈയിലായി. ചെന്നീർക്കര മുട്ടത്തുകോണം ഗിരിജാ ഭവനിൽ അർജുൻ എസ്. ഗിരീഷ് ( 22) ആണ് പിടിയിലായത്. എസ്‌ഐ വി വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അതിവേഗം പൊക്കിയത്.

ചൊവ്വാഴ്‌ച്ച വൈകിട്ട് 3.30 ന് എം.സി റോഡിൽ കുളനട മാന്തുക ഭാഗത്ത് വച്ചിരുന്ന കുരുമ്പിലേത്ത് തെക്കേതിൽ വീട്ടിൽ സജി മാത്യു(44)വിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കേസെടുത്ത പന്തളം പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അന്നുതന്നെ രാത്രി 9.30 ന് മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം ഡ്രീം ബിൽഡ് ഡിസൈൻ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ മുൻവശത്തു നിന്നും സ്‌കൂട്ടർ കണ്ടെത്തി.

നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിൽ കണ്ട വാഹനം സജി മാത്യുവിനെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിക്കുന്നയാളാണ് സ്‌കൂട്ടർ ഇവിടെ കൊണ്ടു വച്ചത് എന്ന് വ്യക്തമായി. അവിടെനിന്നും യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് ചെയ്തു. യുവാവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും സ്‌കൂട്ടറിന്റെ താക്കോൽ, സജിയുടെ എടിഎം കാർഡ്, മൊബൈൽ ഫോൺ, വാച്ച് എന്നിവ കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ വളരെ വേഗം പൊലീസ് സംഘത്തിന് പിടികൂടാനായത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്‌കൂട്ടറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്ന നമ്പർ പ്ലേറ്റുകൾ, മുൻവശം ഉണ്ടായിരുന്ന റിയർ വ്യൂ മിറർ എന്നിവ ഒടിച്ചെടുത്ത് ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി. ഇവ കളഞ്ഞ സ്ഥലങ്ങളിൽ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെടുക്കാൻകഴിഞ്ഞില്ല. വാഹനത്തിൽ നിന്നും വിരലടയാളങ്ങൾ വിദഗ്ദ്ധർ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.