പത്തനംതിട്ട: പെട്രോൾ അടിക്കാൻ അൽപ്പം വൈകിയതിന് പമ്പ് ജീവനക്കാരിയെ അടിച്ചു. എന്നിട്ടും അരിശം തീരാതെ മടങ്ങി വന്ന് മറ്റ് ജീവനക്കാരെയും മർദിച്ചു. ഒന്നര മാസം മുൻപ് നടന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നു രപ്രതികളിൽ ഒരാളെ തിരുവനന്തപുരത്ത് നിന്നും കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു.

കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ അനിരുദ്ധൻ (19) ആണ് കൂടൽ പൊലീസിന്റെ പിടിയിലായത്. ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30 ന് വൈകിട്ട് അഞ്ചിന് നടന്ന സംഭവത്തിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവും ഉണ്ടായത്. പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികൾ പെട്രോൾ ആവശ്യപ്പെടുകയും, വൈകിയപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന്, സ്ഥലം വിട്ട പ്രതികൾ മൂന്നാം പ്രതിയേയും കൂട്ടി 6.45 ഓടെ തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു.

വിവരം പറയാൻ വിസമ്മതിച്ച ഓഫീസ് ജീവനക്കാരൻ സോമനെ ഇടിവളയുമായി ഓഫീസിൽ അതിക്രമിച്ചുകയറി മർദിച്ചു. തടസം പിടിച്ച മറ്റൊരു ജീവനക്കാരൻ അനിലിനെയും മർദിച്ചു. ശാലിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം ഊർജിതമാക്കി.

തിരുവനന്തപുരം പാളയത്തുള്ള ഹോട്ടലിൽ വെയ്റ്റർ ആയി അനിരുദ്ധൻ ജോലിയെടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്‌ഐ കെ.പി ബിജു എഎസ്ഐ വാസുദേവക്കുറുപ്പ്, സി.പി.ഓമാരായ ഫിറോസ്, അരുൺ, ഗോപൻ, അനൂപ്, അനൂപ്, പ്രവീൺ എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.