പന്തളം: വർഷങ്ങളായി നിലനിൽക്കുന്ന വഴി തർക്കത്തിന്റെ പേരിൽ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാരെ വാൻ ഇടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഓർത്തഡോക്സ് സഭാ വൈദികനെതിരേ പൊലീസ് കേസെടുത്തു. നരിയാപുരം സ്വദേശി ഫാ. ഗീവർഗീസ് കോശിക്കെതിരെയാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ തുമ്പമൺ മുട്ടത്തിന് സമീപമാണ് അയൽവാസികളായ തങ്കച്ചൻ ബാബു, ഭാര്യ അനിത എന്നിവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വൈദികൻ ഓമ്നി വാൻ കൊണ്ട് ഇടിച്ചു വീഴ്‌ത്തിയതായി പരാതിയുള്ളത്. മുളക്കുഴയിൽ നിന്നും നരിയാപുരത്തേക്ക് വരികയായിരുന്ന തങ്കച്ചൻ ബാബുവും ഭാര്യ അനിതയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ വൈദികനായ ഗീവർഗീസ് മനഃപൂർവം വാനിടിച്ച് ദമ്പതികളെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അനിത പറഞ്ഞു.

റോഡിൽ വേറെ വാഹനം ഉണ്ടായിരുന്നില്ല. തങ്ങൾ പരമാവധി സ്‌കൂട്ടർ ഒതുക്കിയിട്ടും വൈദികൻ വാൻ കൊണ്ട് ഇടിക്കുകയായിരുന്നു. അതിന് മുൻപ്, അച്ചനാണ് പിറകേ വരുന്നതെന്നും നമ്മുടെ സ്‌കൂട്ടറിൽ ഇടിക്കാൻ സാധ്യതയുണ്ടെന്നും ഭർത്താവിനോട് പറഞ്ഞിരുന്നു. ഇതിനോടകം ഇടിച്ചു വീഴ്‌ത്തി കടന്നു പോയെന്നും അനിത പറയുന്നു.

ഈ സമയം വീട്ടിൽ കൊണ്ടു പോയി കാർ ഇട്ടിട്ട് തിരികെ സ്‌കൂട്ടറിൽ വൈദികൻ അവിടേക്ക് വന്നു. എതിരേ വാഹനം വന്നപ്പോൾ വാൻ എന്തിലോ തട്ടിയെന്നും അതെന്താണെന്ന് നോക്കാനും വേണ്ടിയാണ് വന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വൈദികൻ തങ്ങളെകൊല്ലാൻ ശ്രമിച്ചുവെന്ന് നിലപാടിലായിരുന്നു ദമ്പതികൾ.

സമീപവാസികളായ തങ്കച്ചനും പുരോഹിതനുമായി അഞ്ചു വർഷത്തോളമായി വഴി തർക്കം നിലവിലുണ്ട്. വൈരാഗ്യത്തിന്റെ പേരിൽ മുൻപും വൈദികൻ തങ്ങൾക്ക് നേരെ സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഈ വിവരം പൊലീസ് അധികൃതരുടെയും കോടതിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണെന്നും അനിത പറഞ്ഞു. റോഡരികിൽ നിർത്തിയ സ്‌കൂട്ടറിൽ, വൈദികൻ പല തവണ ഓമ്നി വാൻ ഉപയോഗിച്ച് തട്ടിയതായും ഇരുവരും പൊലീസിന് മൊഴി നൽകി. വീഴ്ചയിൽ സാരമായി പരുക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് കെ.പി.സി 324, 308 വകുപ്പുകൾ ചുമത്തി ഗീവർഗീസ് കോശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.