- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയത് അനിഷ്ടമായി; ബലമായി ബൈക്കിൽ കയറ്റിയ ശേഷം കൊണ്ടുപോയത് കഴക്കൂട്ടത്തെ ഗോഡൗണിലേക്ക്; പുലരും വരെ പീഡനവും മർദ്ദനവും; വിവസ്ത്രയായി ഓടി രക്ഷതേടി യുവതി; ആൺസുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ, ആൺസുഹൃത്ത് ക്രൂരമായ ബലാൽസംഗത്തിനും പീഡനത്തിനും ഇരയാക്കി. യുവതിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. പ്രതി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) അറസ്റ്റിലായി. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം നടന്നത്. ഇവിടെനിന്നു രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്.
മറ്റൊരാൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയത് ഇഷ്ടമായില്ല
ശനിയാഴ്ച വൈകിട്ട് ടെക്നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിക്കാൻ പോയതാണ് കിരണിനെ ചൊടിപ്പിച്ചത്. അനിഷ്ടം പ്രകടിപ്പിച്ച ഇയാൾ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് വിസ്സമിതിച്ചതോടെ, യുവതിയെ മർദിച്ചു. തന്റെ കൂടെ ബൈക്കിൽ കയറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി നിസ്സഹായയായി.
വീട്ടിൽ കൊണ്ടുവിടാമെന്ന് വാക്ക് പറഞ്ഞാണ് യുവതിയെ ബൈക്കിൽ കയറ്റിയത്. എന്നാൽ, മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച പ്രതി ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിച്ചതായും വിവരമുണ്ട്. പുലർച്ചെയോടെ ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഇവരാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കഴക്കൂട്ടം പൊലീസ് കിരണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.