- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ലറ വിറ്റാൽ ഒരു കോടിയിലധികം വില; നൂറു കിലോയിലധികം കഞ്ചാവ്; അര കിലോ എംഡിഎംഎ; പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയിലേക്ക് പൊലീസിനെ നയിച്ചത് കഴിഞ്ഞ ദിവസം കോയിപ്രത്ത് പിടിയിലായ കഞ്ചാവ് കച്ചവടക്കാർ
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ ഏറ്റവുമടുത്ത പ്രദേശത്ത് നിന്ന് പൊലീസ് നടത്തിയത് സമീപ കാലത്തിൽ കേരളത്തിലെയും ജില്ലയുടെ ചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട. നൂറു കിലോയിലധികം കഞ്ചാവും അര കിലോ എംഡിഎംഎ
യുമാണ് പിടിച്ചെടുത്തത്. തിരുവല്ല പെരുംതുരുത്തി പനച്ചയിൽ പി കെ കുര്യന്റെ മകൻ ജോയൽ എസ് കുര്യൻ (27), പത്തനംതിട്ട ആനപ്പാറ തോലിയാനക്കരയിൽ ജലാലിന്റെ മകൻ സലിം (33), പത്തനംതിട്ട മുണ്ടുകോട്ടക്കൽ ഞണ്ടുകല്ലേൽ വീട്ടിൽ നസീറിന്റെ മകൻ ഉബൈദ് അമീർ (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോയിപ്രം സ്റ്റേഷൻ പരിധിയിൽ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനിടെ കാർ അപകടമുണ്ടാക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത രണ്ടു പേരിൽ നിന്ന് ലഭിച്ച വിവരമാണ് ഇത്രയും വലിയ കഞ്ചാവ് വേട്ടയിലേക്ക് പൊലീസിനെ നയിച്ചത്. നാലു കിലോ കഞ്ചാവാണ് ചെങ്ങന്നൂർ സ്വദേശികളിൽ നിന്ന് അന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും നടത്തിയ നീക്കത്തിലാണ് മണ്ണാറമലയിൽ ഒറ്റപ്പെട്ട വീട് വാടകയ്ക്കെടുത്ത് ലഹരി മരുന്ന് സൂക്ഷിച്ചവരെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഇവർക്ക് നേരെ ബല പ്രയോഗവും വേണ്ടി വന്നു.
അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ചെറിയ അളവിൽ ചില്ലറ വിൽപന നടത്തിയാൽ ഒരു കോടിക്ക് പുറത്ത് വിലവരും. നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് ദിവസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഫലമായാണ് ഇവരെ പിടികൂടാൻ സാധിച്ചത്.
വീട്ടിനുള്ളിൽ നിന്നും പ്രതികളെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നിൽ വൻലോബി തന്നെ ഉണ്ടാവുമെന്നാണ് നിഗമനം. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ജില്ലാ പൊലീസ് മേധാവിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസും സ്ഥലത്തെത്തിയിരുന്നു.
പ്രതികൾ ഇവിടെ വൻ തോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് ജില്ലയിലും സമീപജില്ലകളിലും വർഷങ്ങളായി മൊത്തക്കച്ചവടം ചെയ്തു വരികയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഘത്തിൽ മറ്റ് അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പിടികൂടുന്നതിനും ലഹരിവസ്തുക്കൾ എത്തിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്തുന്നതിനും വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ലഹരിക്കെതിരായ ശക്തമായ നടപടികൾ ജില്ലയിൽ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്