പത്തനംതിട്ട: ജോലി തട്ടിപ്പ് പതിവാക്കിയ യുവാവ് റിമാൻഡിൽ കഴിയവേ സമാന തട്ടിപ്പിൽ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം ഉളിയാതുറ ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടിൽ വിഷ്ണു (29)വിനെയാണ് ഇലവുംതിട്ട പൊലീസ് പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി ജയിലിൽ വച്ച് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഫാർമസിസ്റ്റ് ജോലിയും സൺഫാർമയുടെ മരുന്ന് വിതരണം തരപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞ് മെഴുവേലി ആലക്കോട് രമ്യാഭവനിൽ പുഷ്പാംഗദന്റെ മകൾ രമ്യ (34)യിൽ നിന്ന് 1.68 ലക്ഷം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. കഴിഞ്ഞ വർഷം മെയ്‌ 25 മുതൽ ജൂൺ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇലവുംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടിൽ നിന്നും പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 1,68,000 രൂപ പല തവണയായി അയച്ചുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ 21 ന് രമ്യ സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും മറ്റ് പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. പ്രതി, എറണാകുളം തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന കേസിൽ റിമാൻഡിൽ കാക്കനാട് ജില്ലാ ജയിലിലും തുടർന്ന്, ഇടുക്കി ജില്ലാ ജയിലിലും പാർപ്പിക്കപ്പെട്ടു വരികയാണെന്ന വിവരം മനസിലാക്കി. അവിടെയെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രൊഡക്ഷൻ വാറന്റ് മുഖേനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയാനും തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. ആലപ്പുഴ അർത്തുങ്കൽ, തൃശൂർ ചേലക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിശ്വാസ വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസ് ഇൻസ്പെക്ടർ ടി. കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ്‌ഐമാരായ അനിൽ കുമാർ, വിഷ്ണു, എസ്.സി.പി.ഓ സന്തോഷ്, സി.പി.ഓമാരായ പ്രശോഭ്, അഖിൽ, അനൂപ് എന്നിവരാണുള്ളത്.