- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രമുഖരുടെ ചിത്രം വെച്ചു തട്ടിപ്പ്; സംഘം ഒറ്റദിനം തട്ടിയെടുത്തത് രണ്ടുകോടി രൂപയുടെ സ്വർണാഭരണങ്ങൾ; വീട്ടമ്മമാരുടെ പരാതിയിൽ അന്വേഷണം; സംഘം മറ്റുജില്ലകളിലും തട്ടിപ്പ് നടത്തിയെന്ന് പൊലീസ്
കണ്ണൂർ: സ്വർണാഭരണ നിക്ഷേപത്തിന്മേൽ വൻതുക ലാഭം വാഗ്ദാനം ചെയ്തു മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തു നിന്നും ഒരു ദിവസം കൊണ്ടു രണ്ടുകോടിരൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കടലാസ് കമ്പനിക്കെതിരെ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംസ്ഥാനത്താകമാനം നടത്തിയ തട്ടിപ്പിന്റെ ഏറ്റവും മാരകമായ രൂപമാണ് ധർമടത്ത് അരങ്ങേറിയത്.
ബന്ധുക്കളും അയൽവാസികളുമായ ഒൻപതു വീട്ടമ്മമാരാണ് തട്ടിപ്പിന് ഇരയായത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ വടക്കുമ്പാടെന്ന പ്രദേശത്തെ സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സ്വർണാഭരണം നഷ്ടപ്പെട്ട ധർമടം ബ്രണ്ണൻ കോളേജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൂക്കോടൻ വീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഫ്സാദി സലീം ഷെയ്ക്ക് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ക്യൂപിക്ക് പ്രൈവറ്റ് ലിമിറ്റഡെന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് ഷഫ്സാദി തന്റെ പരാതിയിൽ പറയുന്നു. തട്ടിപ്പിനായി ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ എന്നിവരുൾപ്പെട്ട മുപ്പത്തിയഞ്ചുപേരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററും ഉപയോഗിച്ചിരുന്നു. ഇവരൊക്കെയാണ് കമ്പനിയുടെ പിന്നിലുള്ളതെന്ന് പറഞ്ഞു വിശ്വസിച്ചാണ് ഫീൽഡ് മാനേജർമാർ ആളുകളെ സമീപിച്ചത്.
ഈ സംഘം നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തട്ടിപ്പുനടത്തിയെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മുതലാണ് ധർമടം മണ്ഡലത്തിൽ തട്ടിപ്പ് അരങ്ങേറിയത്. ചൊക്ളി രാമൻകടത്ത് ഇല്യാസ്, ചെറുവാഞ്ചേരി തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിൽ, ചെണ്ടയാട് സ്വദേശി ജാസിൽ, കോട്ടപ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിലെ വാഴയിലെ അഫ്സൽ എന്നിവരാണ് തങ്ങളെ സമീപിച്ചു തട്ടിപ്പു നടത്തിയതെന്നാണ് വീട്ടമ്മമാരുടെ പരാതി. സംഭവത്തിൽ ധർമടം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തിയവരെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.




