- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവിരോധം: കുട്ടികളുടെ മുന്നിൽ വച്ച് ദമ്പതികളെ വെട്ടി; വടിവാൾ കരുതിക്കൊണ്ടു വന്നത് സ്‌കൂൾ ബാഗിൽ; രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു
കോന്നി: കുട്ടികളുടെ മുന്നിൽ വച്ച് ദമ്പതിമാരെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ചെങ്ങറ സമരഭൂമിയിൽ ശാഖ 48 ൽ താമസിക്കുന്ന ശ്യാം (50) ആണ് പിടിയിലായത്. മുൻ വിരോധം കാരണമായിരുന്നു ആക്രമണം. ശ്യാമിനെതിരേ സമരഭൂമിയിലെ ശാഖയിൽ പരാതി നൽകിയതിൽ പ്രകോപിതനായ പ്രതി ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ബീനയെയും ഭർത്താവ് ബിനുവിനെയും തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ദ്മ്പതികളുടെ രണ്ടു മക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.
അതുമ്പുംകുളത്തെ റേഷൻ കടയിൽ പോയി കുട്ടികളുമായി തിരികെ ചെങ്ങറ സമരഭൂമിയിലേക്ക് വരുമ്പോഴാണ് ശ്യാം വഴിക്കു വച്ച് ഇവരെ തടഞ്ഞത്. തുടർന്ന് കൈയിലെ സ്‌കൂൾ ബാഗിൽ കരുതിയ വടിവാളെടുത്ത് ആക്രമിക്കുകയുമായിരുന്നു. ബിനുവിനെ ആദ്യം വെട്ടി. തടയാനുള്ള ശ്രമത്തിനിടെ ഇടതു കൈപ്പത്തിയിൽ വെട്ടേറ്റു. കൊല്ലുമെന്ന് ആക്രോശിച്ച് ബീനയെ കഴുത്തിൽ വെട്ടി. തടയാൻ ശ്രമിച്ച ബിനുവിനെ വീണ്ടും വെട്ടി. ബിനുവിന് ഇടതുകാലിൽ പരുക്കേറ്റു. ഭയന്നുപോയ കുട്ടികൾ ബന്ധുവിനെ വിവരം അറിയിക്കാൻ ഓടിപ്പോയെങ്കിലും കാണാതെ തിരിച്ചെത്തി.
ഈസമയം പ്രതി അതുമ്പുംകുളം ഭാഗത്തേക്ക് ഓടിപ്പോയി എന്നും യുവതിയുടെ മൊഴിയിലുണ്ട്. തൊട്ടടുത്ത ശാഖാ ഓഫീസിൽ ഉണ്ടായിരുന്ന ആളുകൾ ചേർന്ന് ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയിലെത്തി മലയാലപ്പുഴ എസ് ഐ വി എസ് കിരൺ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, ഉടനടി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബീനയുടെ കുടുംബവും ശ്യാമുമായി വിരോധത്തിൽ കഴിഞ്ഞു വരികയാണ്. ഇവരുടെ ഷെഡ് നിൽക്കുന്ന സ്ഥലത്തിന്റെ അതിരിൽ വേലിയായി കെട്ടിയിരുന്ന സാരി മദ്യപിച്ചെത്തിയ ശ്യാം മുമ്പ് നശിപ്പിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് ശാഖയിൽ പരാതി നൽകുകയും, തുടർന്ന് ഇയാളെ താക്കീത് ചെയ്തതായും പറയുന്നു.
ഈ വിരോധത്താൽ ശ്യാം കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതായും, കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തി അതിരിൽ നിന്ന് ചീത്ത വിളിച്ചതായും മൊഴിയിലുണ്ട്. കൊല്ലം പിറവന്തൂർ ആനക്കുളത്തുനിന്നും 20 വർഷം മുമ്പ് ചെങ്ങറ സമരഭൂമിയിലെത്തി താമസമാക്കിയതാണ് ബിനുവിന്റെ കുടുംബം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്