കണ്ണൂർ:ബംഗ്ളൂരിൽ പാനൂർസ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചത് ലഹരി പാർട്ടിക്കിടെയിലാണെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പാനൂർ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം കീഴായമീത്തൽ ഫാത്തിമാസിൽ മജീദ്-അസ്മ ദമ്പതികളുടെ മകൻ ജാവേദാണ്(29) നെഞ്ചിന് കുത്തേറ്റു മരിച്ചത്. ജാവേദിന്റെ സുഹൃത്തായ ബൽഗാം സ്വദേശിനി രേണുക ഉൾപ്പെടെ രണ്ടു പേരെ ബംഗ്ളൂരു പൊലീസ്‌കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്.

രേണുക ഇതിനു മുൻപിലും രണ്ടു കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ജാവേദ് വാടകയ്ക്കെടുത്ത സർവീസ് അപ്പാർട്ട്മെന്റ് ഒഴിയുന്നതിന്റെ തലേദിവസമാണ് കൊലപാതകം നടന്നത്. നെഞ്ചിൽ ആഴത്തിലുള്ള മുറിവോടെ ജാവേദിനെ ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്് പെൺസുഹൃത്ത് രേണുക തന്നെയാണ്. കൊലപാതകം നടന്ന അപ്പാർട്ട്മെന്റിലെ സി.സി. ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്.

ബാംഗ്ളൂരു ബനാറകട്ട റോഡിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്ന ജാവേദ് ഇരുപതു ദിവസം മുൻപാണ് സംഭവം നടന്ന ബംഗ്ളൂരു ഹൂളിമാവിന് സമീപത്തെ സർവീസ് അപ്പാർട്ട്മെന്റിൽ എത്തിയത്. മറ്റൊരു മലയാളി വ്യാപാരിയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ്സർവീസ് അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തത്. ഇവിടെ വെച്ചു ചൊവ്വാഴ്‌ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇയാൾക്ക് കുത്തേറ്റത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ. എം.സി.സി പ്രവർത്തകർ ബന്ധുക്കളെയും വിവരമറിയിച്ചു. അതീവഗുരുതരാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന ജാവേദ് ഇതിനകം മരണമടഞ്ഞിരുന്നു. പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം സ്വദേശമായ അണിയാരത്തേക്ക് കൊണ്ടു വന്ന് ചെറുവോട്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. റാബിയ, റാഷിന, ഹസീന, ഫാത്തിമ എന്നിവരാണ് ജാവേദിന്റെ സഹോദരങ്ങൾ.