കണ്ണൂർ: ഇരിട്ടി- മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടി വനത്തിലെ താഴ്‌ച്ചയിൽ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ട്രോളിബാഗിൽ കണ്ടെത്തിയ സംഭവത്തെതുടർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പൊലീസ് പരിശോധന ശക്തമാക്കി. രണ്ടാഴ്‌ച്ചയ്ക്കിടയിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റ്‌വഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

മാക്കൂട്ടം ചുരംറോഡിൽ അസ്വാഭാവികമായി നിർത്തിയിട്ട വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷിച്ചുവരികയാണ്. വീരാജ്പേട്ട സി. ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം മടിക്കേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടക്, മൈസൂർ ജില്ലകളിൽ നിന്നും അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

മടിക്കേരി ജില്ലയിൽ മാത്രം നാലുപേരെ ഒരുമാസത്തിനുള്ളിൽ കാണാതായിട്ടുണ്ടെന്നാണ്വിവരം. എങ്കിലും ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണം നടത്തുന്നതിനായി ഇതുവരെ പൊലിസിനെ സമീപിച്ചിട്ടില്ല. പെരുമ്പാടി ചെക്ക് പോസ്റ്റിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും പതിനഞ്ചുകിലോമീറ്റർ അകലെയാണ്. അതുകൊണ്ടു തന്നെ വീരാജ് പേട്ട, ഗോണിക്കുപ്പ ഭാഗത്തു നിന്നും മൃതദേഹവുമായി എത്താനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് പൊലിസ്. മറിച്ചുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല.

മനഃപൂർവ്വം പൊലിസിന്റെ ശ്രദ്ധതിരിക്കാൻ ചെയ്തതാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹത്തിൽ നിന്നും ലഭിച്ച ചൂരിദാറും മുടിയിഴകളും അടിസ്ഥാനമാക്കിയാണ് പൊലിസ് കൊല്ലപ്പെട്ടത് യുവതിയാണെന്നു തിരിച്ചറിഞ്ഞത്. അമേരിക്കൻ ട്രാവലറെന്ന കമ്പനിയുടെ മൂന്ന് ട്രോളിബാഗിലാണ് കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഇതിൽ തലയോട്ടി വേർപെട്ട നിലയിലാണ്.

രണ്ടാഴ്‌ച്ചത്തെ പഴക്കമുള്ള മൃതദേഹം അഴുകിയിരുന്നു. കടുത്ത ദുർഗന്ധവും വമിച്ചിരുന്നു. രണ്ടുപതിറ്റാണ്ടിനു ശേഷമാണ് പെരുമ്പാടി വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചുരം പാതയിൽ മൃതദേഹം കണ്ടെത്തിയത് ഇതുവഴി പോകുന്ന യാത്രക്കാരെ ഭയചകിതരാക്കിയിട്ടുണ്ട്. രാപ്പകൽ ഭേദമില്ലാതെ വീരാജ് പേട്ട, മൈസൂര്, ബംഗ്ളൂര് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന അന്തർസംസ്ഥാന പാതയാണിത്.