- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ചു; മുഖ്യസൂത്രധാരൻ അടൂരിൽ നിന്നുള്ള കാപ്പ കേസ് പ്രതി; കേരളാ- തമിഴ്‌നാട് പൊലീസ് സംയുക്തമായി ഒളിസങ്കേതത്തിൽ നിന്ന് പൊക്കി
അടൂർ: തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക്ക് പോസ്റ്റിൽ 105 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനായ അടൂർ സ്വദേശിയായ കാപ്പ കേസ് പ്രതി ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ പിടിയിലായി. പറക്കോട് ലത്തീഫ് മൻസിലിൽ അജ്മലി(27)നെയാണ് ഇളമണ്ണൂരിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ഏഴിന് കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ശിവഗിരി ചെക്ക് പോസ്റ്റിൽ വച്ചാണ് വാഹനത്തിൽ കൊണ്ടുവരികയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ തമിഴ്‌നാട് പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം, എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നു തന്നെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഇടപാടിൽ അജ്മലിന്റെ പങ്ക് വ്യക്തമായത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്‌നാട് പൊലീസും വിവരം അടൂർ പൊലീസിന് കൈമാറി. കൂട്ടുപ്രതികൾ പിടിയിലായത് അറിഞ്ഞ് അജ്മൽ ഒളിവിൽ പോയി.
അടൂരെത്തിയ തമിഴ്‌നാട് പൊലീസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അടൂർ പൊലീസും നർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസമായി പ്രതിയെ തെരഞ്ഞു വരികയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തിൽ ഇളമണ്ണൂരിലെ ഒളിസങ്കേതം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഓടി രക്ഷപെടാനും ശ്രമിച്ചു. ഡിവൈ.എസ്‌പി ആർ. ജയരാജ്, നാർക്കോട്ടിക് സെൽ ഡി വൈ.എസ്‌പി കെ.എ.വിദ്യാധരൻ എന്നിവരുടെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എസ്‌ഐ എം.മനീഷ്, സി.പി.ഓമാരായ സൂരജ് ആർ. കുറുപ്പ്, ശ്യാം കുമാർ, നിസാർ മൊയ്ദീൻ, രാകേഷ് രാജ്, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം വധശ്രമക്കേസിൽ ജയിലിൽ കഴിയവേ കാപ്പാ നിയമപ്രകാരം തടവിലാകുകയും ഈവർഷം ജനുവരിയിൽ എട്ട് മാസത്തെ ശിക്ഷ അനുഭവിച്ച ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനാവുകയും ചെയ്തതാണ് അജ്മൽ. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഉയർന്ന തുകയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി.
ഇത്തരക്കാർ മാസങ്ങളായി നിരീക്ഷണത്തിലാണെന്നും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പച്ചക്കറി, പഴവർഗങ്ങളുടെ കച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇവർക്കെതിരെ സംയുക്ത നടപടികൾക്കുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് പരസ്പരം യോജിച്ചു നീങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്