- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തു വാങ്ങാൻ കരാർ എഴുതിയ ശേഷം ബാങ്കിലെ സ്ഥിരനിക്ഷേപത്തിലെ വായ്പ തിരിച്ചടയ്ക്കാനെന്ന പേരിൽ 37.50 ലക്ഷം തട്ടി; സ്ഥിരം തട്ടിപ്പുകാരിയും കൂട്ടാളികളുമടക്കം മൂന്നു പേർ അടൂരിൽ അറസ്റ്റിൽ; സംഘത്തിന്റെ തട്ടിപ്പ് സംസ്ഥാനം മുഴുവൻ
അടൂർ: വസ്തു വാങ്ങാൻ കരാറെഴുതിയ ശേഷം സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാനെന്ന് പറഞ്ഞ് ഉടമയിൽ നിന്ന് 37.50 ലക്ഷം തട്ടി മുങ്ങിയ വനിതയടക്കം മൂന്നംഗ സംഘം അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനിൽ പ്രിയ(35), പാങ്ങോട് സിദ്ദിഖ് മൻസിലിൽ സിദ്ദിഖ്(47), ആറ്റിങ്ങൽ കുന്നുവരം യാദവ് നിവാസിൽ അനൂപ്(26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാങ്ങാൻ എന്ന വ്യാജേനെ 37,45,000 രൂപയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിയെടുത്തത്. ഒക്ടോബർ ആദ്യം പ്രിയയാണ് ജയചന്ദ്രനേയും ഭാര്യയേയും സമീപിക്കുന്നത്. വസ്തു കണ്ട് ഇഷ്ടമായി എന്ന് വിശ്വസിപ്പിച്ച പ്രിയ മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ദിഖിനെ ഭർത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി മൂന്നാളത്തെ വീട്ടിലെത്തി. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാൻസ് നൽകിയ ശേഷം വിൽപ്പന കരാർ തയാറാക്കി വസ്തു വാങ്ങാം എന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് എത്തിയ ഇവർ തങ്ങളുടെ പേരിൽ പറന്തൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് എടുത്ത വായ്പ അടച്ചു തീർത്താൽ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും വസ്തു ഉടമയോട് പറഞ്ഞു. വായ്പ എത്രയും വേഗം അടച്ചു തീർക്കാൻ വസ്തു ഉടമയോട് പ്രതികൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പല തവണയായി ഗൂളിൾ പേ, ബാങ്ക് അക്കൗണ്ട് എന്നിവ വഴിയും നേരിട്ടു പണമായും കൈപ്പറ്റി. 33 പവൻ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തു. 37,45,000 രൂപ മൂല്യം വരുന്ന തട്ടിപ്പാണ് പ്രതികൾ നടത്തിയത്.
പിന്നീട് ഫോൺ ഓഫ് ചെയ്ത് ഇവർ മുങ്ങി. ജയചന്ദ്രൻ തട്ടിപ്പിന് ഇരയായെന്ന് മനസിലായി പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒന്നാം പ്രതി പ്രിയയ്ക്ക് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദ്ദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രിയ പൂന്തുറ സ്റ്റേഷനിലടക്കമുള്ള കേസുകളിൽ ഒളിവിൽ കഴിഞ്ഞു വരികയാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞു വരവെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയയ്ക്ക് കഴക്കൂട്ടം, വട്ടപ്പാറ, പോത്തൻകോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങൽ, പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അടൂർ ഡിവൈ.എസ്പി ആർ.ജയരാജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐമാരായ എം.മനീഷ്, ശ്യാമ കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാധാകൃഷ്ണപിള്ള, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ശ്യാംകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ അനൂപ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തട്ടിയെടുക്കുന്ന പണം പ്രതികൾ ആർഭാട ജീവിതത്തിനായി ചെലവഴിക്കുന്നു. തട്ടിപ്പിന് ശേഷം ഒരു സ്ഥലത്ത് നിന്നും മാറി പുതിയസ്ഥലത്ത് ആഡംബര വീടുകൾ എടുത്ത് താമസം. വാഹനങ്ങളും വില കൂടിയ ഫോണുകളും സ്വർണാഭരങ്ങളും വാങ്ങും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്