- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറക്കൽ വെടിവയ്‌പ്പുകേസിലെ പ്രതിയായ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണം; ബാബു ഉമ്മൻ തോമസിന്റെ റിവോൾവർ ലൈസൻസ് റദ്ദാക്കണമെന്ന ഹർജിയുമായി പൊലീസ്; വധശ്രമക്കേസിലെ പ്രതിയായ റോഷൻ ഇപ്പോഴും ഒളിവിൽ
കണ്ണൂർ: ചിറക്കൽ വെടിവയ്‌പ്പുകേസിലെ മുഖ്യപ്രതിയായ ഡോക്ടർ ബാബു ഉമ്മൻ തോമസിന്റെ തോക്കിന്റെ ലൈസൻസ് റദ്ദാക്കാൻ പൊലിസ് കണ്ണൂർ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകും. ഇദ്ദേഹം ഉപയോഗിച്ച റിവോൾവറിന് ലൈസൻസുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കുന്നതിനായി വളപട്ടണം പൊലിസ് അപേക്ഷ നൽകാൻ തീരുമാനിച്ചത്.
വധശ്രമം, പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ആയുധനിയമം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ഡോ. ബാബു ഉമ്മൻ തോമസിനെതിരെ വളപട്ടണം പൊലിസ് ചുമത്തിയിട്ടുള്ളത്. വധശ്രമകേസിലെ പ്രതിയായ ഡോക്ടറുടെ മകൻ റോഷനെ പിടികൂടാൻ വീട്ടിലെത്തിയ വളപട്ടണം പൊലിസിനു നേരെ ഒരാഴ്‌ച്ച മുൻപാണ് വെടിവയ്‌പ്പു നടന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രി പത്തരയോടെ ചിറക്കൽ ചിറയോരത്തെ വീട്ടിലെ ഒന്നാം നിലയിൽ കയറിയ വളപട്ടണം എസ്. ഐ നിഥിനും സംഘത്തിനുമെതിരെയാണ് ബാബു ഉമ്മൻ തോമസ് മൂന്ന് റൗണ്ട് നിറയൊഴിച്ചത്.
ഇതേ തുടർന്ന് പ്രതിയുടെ വീട് അജ്ഞാതർ അക്രമിച്ചു തകർക്കുകയും ചെയ്തു. പൊലിസിനു നേരെയുള്ള വെടിവയ്‌പ്പിൽ നിന്നും എസ്. ഐയും കൂട്ടരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി രണ്ടുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വളപട്ടണം പൊലിസാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്‌ച്ച പകൽ പ്രതിയെയും കൊണ്ടു ചിറക്കൽ ചിറയ്ക്കു സമീപമുള്ള വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തുടർന്ന് വളപട്ടണം പൊലിസ് സ്റ്റേഷനിലെത്തിച്ചു വിശദമായ ചോദ്യം ചെയ്യൽ നടത്തി.
പൊലിസ് വീട്ടിൽ കയറിയപ്പോൾ ആത്മരക്ഷാർത്ഥമാണ് വെടിവച്ചതെന്നാണ് പ്രതി ചോദ്യം ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വധശ്രമകേസിൽ പ്രതിയായ മകനും അഭിഭാഷകനുമായ റോഷൻ എവിടെയാണെന്ന പൊലിസിന്റെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തെ തുടർന്ന് വീട്ടിൽ നിന്നും ഓടിരക്ഷപ്പെട്ട റോഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ അതേ സമയം വീടിനു നേരെ അക്രമം നടത്തിയവരെ പിടികൂടാൻ പൊലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലിസ് ഗുണ്ടകളുമായാണ് തന്റെ വീട്ടിലെത്തിയതെന്ന ഗുരുതരമായ ആരോപണവും ഡോ.ബാബു ഉമ്മൻ തോമസും ഭാര്യ ലിൻഡയും ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ മകനോട് എതിർപ്പുള്ള ഗുണ്ടകളാണ് വീടാക്രമിക്കുകയും കാർ തല്ലിതകർക്കുകയും ചെയ്തതെന്നാണ് ഇവരുടെ ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്