- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖത്തിനായി ആലുവയ്ക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടു; ദാഹം തോന്നിയപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് പാനീയം വാങ്ങി കുടിച്ചു; അവശനായപ്പോൾ റൂമിൽ തങ്ങാമെന്ന് വാഗ്ദാനം; റെയിൽവേ പാളത്തിലെത്തിച്ച് ഭീഷണിപ്പെടുത്തി നിലമ്പൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു
കൊച്ചി: ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തതായി പരാതി. നിലമ്പൂർ സ്വദേശി ഷൗക്കത്തി(44)നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപാളത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് യുവാക്കൾ കവർച്ച നടത്തിയത്.
കഴിഞ്ഞ 26 ന് രാത്രിയിലാണ് സംഭവം. ഷൗക്കത്ത് വിദേശ ജോലിക്കായുള്ള അഭിമുഖത്തിനായി ആലുവയിലേക്ക് ട്രെയിൻ മാർഗ്ഗം വരികയായിരുന്നു. ട്രെയിനിൽ വച്ച് ശ്യാം എന്ന പേരുള്ള 20 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവിനെ പരിചയപ്പെട്ടു. അഭിമുഖത്തിനായി ആലുവയ്ക്ക് പോകുകയാണെന്ന് ഷൗക്കത്ത് യുവാവിനോട് പറഞ്ഞു. തൃശൂർ പിന്നിട്ടപ്പോൾ യുവാവ് ഷൗക്കത്തിന് കുടിക്കാനായി ഒരു പാനീയം നൽകി. ജനറൽ കംപാർട്ടമെന്റിൽ തിങ്ങി ഞെരുങ്ങിയുള്ള യാത്രയിൽ കലശലായ ദാഹമുണ്ടായിരുന്നതിനാൽ പാനീയം വാങ്ങി കുടിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ കാലുകൾക്ക് പെരുപ്പും ക്ഷീണവും അനുഭവപ്പെട്ടു. ഇക്കാര്യം യുവാവിനോട് പറഞ്ഞപ്പോൾ രാത്രിയിൽ തന്റെ റൂമിൽ കഴിയാമെന്നും പുലർച്ചെ അഭിമുഖത്തിനായി പോയാൽ മതിയെന്നും നിർദ്ദേശിച്ചു. തുടർന്ന് യുവാവ് സുഹൃത്തുക്കളോട് ഫോണിൽ ഷൗക്കത്തും റൂമിലേക്ക് വരുമെന്ന് അറിയിച്ചു.
യുവാവ് പറഞ്ഞതനുസരിച്ച് ആലുവയിൽ ഇറങ്ങാതെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിലെത്തിയപ്പോഴേക്കും നടക്കാനാവാത്ത വിധം അവശനായി. ഈ സമയം യുവാവിന്റെ രണ്ട് സുഹൃത്തുക്കൾകൂടി എത്തുകയും ഷൗക്കത്തിനെ റെയിൽവേ പാളത്തിന് അപ്പുറമുള്ള റൂമിലേക്ക് കൊണ്ടു പൊകാമെന്ന് അറിയിച്ചു. യുവാക്കൾ ഷൗക്കത്തിനെ താങ്ങി പിടിച്ച് റെയിൽവേ പാളത്തിൽകൂടി നടത്തിച്ചു. ആളനക്കമില്ലാത്ത സ്ഥലത്തെത്തിയപ്പോൾ നിങ്ങൾ ട്രാപ്പിലാണെന്നും കൈയിലുള്ളതെല്ലാം തന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്പരന്നു നിന്ന ഷൗക്കത്തിന്റെ പോക്കറ്റിൽ നിന്നും പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു. റെയിൽ പാളത്തിന് സമീപം ഷൗക്കത്തിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
പരിഭ്രാന്തനായ ഷൗക്കത്ത് സമനില വീണ്ടെടുത്ത ശേഷം കുറച്ചപ്പുറം മാറിയുള്ള ഒരു വീട്ടിൽ അഭയം പ്രാപിച്ചു. അവരാണ് പിന്നീട് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഷൗക്കത്തിനെ എത്തിച്ചത്. പൊലീസ് പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.