- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സ്വദേശിനിയായ യുവതി ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വന്ന സ്വർണം പൊട്ടിക്കൽ സംഘം കൊള്ളയടിച്ചു; കാരിയറായ മാതാവിനും മകനും നേരേ സ്വർണത്തിന്റെ യഥാർത്ഥ ഉടമയുടെ ക്വട്ടേഷൻ സംഘത്തിന്റെയും ആക്രമണം; രണ്ടുകേസുകളിലും അന്വേഷണം
കണ്ണൂർ: ഗൾഫിൽ നിന്നും സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെയും മകനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. സ്വർണത്തിന്റെ യഥാർത്ഥ ഉടമയുടെ നേതൃത്വത്തിൽ യുവതിയെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ടു പാസ്പോർട്ട് ഉൾപ്പെടെയാണ് കൊണ്ടു പോയത്. സംഭവത്തിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച്ച സന്ധ്യയോടെയായിരുന്നു സ്വർണം പൊട്ടിക്കലിന്റെ തുടക്കം. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കുന്നത്ത് ബുഷറയെയാ(41) കൊള്ളയടിക്കപ്പെട്ടത്. ബുഷറ ചൊവ്വാഴ്‌ച്ച രാത്രിയാണ് ഗൾഫിൽ നിന്നും കൊച്ചി വിമാനത്താവളത്തിലിറങ്ങുന്നത്. ഗൾഫിൽ വെച്ചു പരിചയപ്പെട്ടവർ ബുഷറയെ ഏൽപ്പിച്ചതായിരുന്നു സ്വർണം. മൂന്ന് ക്യാപ്സൂളുകളാക്കി നൽകിയ സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു.
എന്നാൽ സ്വർണക്കടത്ത് മുൻകൂട്ടി മനസിലാക്കി കൂത്തുപറമ്പിലെ കുപ്രസിദ്ധ സ്വർണം പൊട്ടിക്കൽ ടീം ബുഷറയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിടുകയായിരുന്നു. ഇവർ കോഴിക്കോട് മലാപ്പറമ്പിലെത്തി ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെയാ(23)ണ് തട്ടിക്കൊണ്ടു പോയത്. സ്വിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ടു പോയത്. കൂത്തുപറമ്പിലെ ക്വട്ടേഷൻ ടീമിൽ ഉൾപ്പെട്ട അമീർ, മർവാൻ എന്നിവരും മറ്റു നാലുപേരുമാണ് കാറിലുണ്ടായിരുന്നത്. മുഹമ്മദ് മുബാറക്കിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
ഉമ്മയെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് മകനെ ബന്ദിയാക്കി ക്വട്ടേഷൻ സംഘം കൊച്ചി വിമാനത്താവളത്തിലെത്തിയത്. ബുഷറ എയർപോർട്ടിന് പുറത്ത് എത്തിയപ്പോൾ ഇവരെ കാറിൽകയറ്റിക്കൊണ്ടു വന്നു കൂത്തുപറമ്പിലെത്തിക്കുകയായിരുന്നു. നിർമലഗിരിയിലെ വിസ്താര ഇൻ എന്ന ടൂറിസ്റ്റ് ഹോമിലെത്തിക്കുന്നതിന് മുൻപേ സ്വർണം ഇവർ കൈക്കലാക്കി കഴിഞ്ഞിരുന്നു. ബുഷറയെയും മകനെയും ലോഡ്ജിൽ താമസിപ്പിച്ചു സംഘം കടന്നുകളയുകയായിരുന്നു.
ഇതറിഞ്ഞാണ് യഥാർത്ഥ സ്വർണത്തിന്റെ ഉടമ ഏർപ്പാടാക്കിയ സംഘം ലോഡ്ജിലെത്തിയത്. നൂറ്റിമൂന്നാം നമ്പർ മുറിയിൽ കഴിഞ്ഞിരുന്ന ഉമ്മയെയും മകനെയും റംഷീദിന്റെ നേതൃത്വത്തിലെത്തിയ സംഘം വാതിൽ തകർത്തു അകത്തു കടന്നു അക്രമിക്കുകയായിരുന്നു. ഇവരിൽ നിന്നും പാസ്പോർട്ട് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് കടത്തിക്കൊണ്ടു പോവുകയും ചെയ്തുവെന്നാണ് ബുഷറയുടെ പരാതി. സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലെയും പ്രതികളെ കുറിച്ചു പൊലിസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്