- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊല്ലത്ത് അഞ്ചലിൽ വീട്ടമ്മയെ പെട്രോളൊഴിച്ച് യുവാവ് തീകൊളുത്തി
കൊല്ലം: അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ. തടിക്കാട് പൂണച്ചുൽ വീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികൾ വീതമുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്:
കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു.തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാൾ ബലമായി പിടിച്ച് വീടിനകത്തുകൊണ്ടുപോയി വാതിലുകൾ അടച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികൾ ഓടിവന്ന് വീടിന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടിൽ കത്തിയ നിലയിലായിരുന്നു.
ബിജുവും സിബികയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കൾ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭർത്താവ് ഉദയകുമാർ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ സാമ്പത്തിക വിവരം അറിയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മാർച്ചിൽ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പൊലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോൾ പണം തിരികെ നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ നടത്തുമെന്നും പൊലീസ് അറിയിച്ചു.
നിയമനടപടികൾക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. സിബികയുടെ ഭർത്താവ്: ഉദയകുമാർ. മക്കൾ: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹർബാൻ. മക്കൾ: നെബൂഹാൻ, ഷഹബാസ്.