അടൂർ: തോട്ടത്തിലെ മണ്ണ് നീക്കം ചെയ്യുന്നിടത്ത് വടിവാൾ വീശി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പറക്കോട് ഇജാസ് മൻസിലിൽ ഇജാസ്(25), സുബൈർ മൻസിലിൽ അഫ്സൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് കിളിക്കോട് മലമുരുപ്പ് ഭാഗത്താണ് സംഭവം. വസ്തു ഉടമ മാത്യു രാജനാണ് പരാതിക്കാരൻ. മുഖ്യപ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷംനാദ് ഒളിവിലാണ്. പ്രതികൾക്കെതിരേ ആംസ് ആക്ട് ഒഴിവാക്കിയത് മറുനാടൻ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു. ആംസ് ആക്ട് ചുമത്താൻ ജില്ലാ പൊലീസ് മേധാവി അടൂർ ഡിവൈ.എസ്‌പിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, അടൂർ എസ്. എച്ച.ഓ ഇത് അനുസരിക്കാൻ തയാറാകാതിരുന്നതാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ആംസ് ആക്ട് അടക്കം ചുമത്തുകയായിരുന്നു.

പരാതിക്കാരൻ വ്യവസായം തുടങ്ങുന്ന ആവശ്യത്തിലേക്കായി സ്വന്തം വസ്തുവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരവേ കാറിൽ വടിവാളുമായി സ്ഥലത്തെത്തിയ ഷംനാദും ഇജാസും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ പണി തടസ്സപ്പെടുത്തുമെന്ന് പറഞ്ഞ് ജോലിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ മാത്യു രാജനെയും ഭീഷണിപ്പെടുത്തി. പിന്നീട്, തിരികെ പോയ ഷംനാദും ഇജാസും അഫ്സലിനെയും കൂട്ടി സ്ഥലത്തെത്തി വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇന്നലെ പുലർച്ചെയോടെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ വന്ന കാറും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ ഷംനാദിനെതിരെ അന്വേഷണം ഊർജിതമാക്കി. ഇജാസും ഷംനാദും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്, ഇജാസ് കാപ്പാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ആർ രാജീവ്, എസ് ഐമാരായ പ്രശാന്ത്,ശരത്, സി പി ഓമാരായ സൂരജ്, ശ്യാം കുമാർ, നിസാർ മൊയ്ദീൻ, രതീഷ് കുമാർ, സനൽ കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.