പാറശാല: അപകടമെന്ന് കരുതിയ സംഭവം കൊലപാതകമായി. രക്തം വാർന്ന് വഴിയരികിൽ കിടന്ന യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വള്ളവിള പുതുവൽ പുത്തൻവീട്ടിൽ ഹനീഫയുടെ മകൻ അസീം (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ഭാര്യ അടയ്ക്കാക്കുഴി മാങ്കുഴി ചെറുകോട് വീട്ടിൽ ജെനീഫ ആൽബർട്ട് (26) എന്നിവരെ പൊഴിയൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

ചെങ്കവിള ഒറ്റപ്പാവിള റോഡിൽ പനങ്കാലയ്ക്കു സമീപം വ്യാഴാഴ്ച രാത്രി 12.45നാണ് തലയ്ക്കു സാരമായി പരുക്കേറ്റ യുവാവിനെ വഴിയാത്രക്കാർ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ആദ്യം പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ അസീമിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു രാവിലെ 11 മണിയോടെ അസിം മരണത്തിനു കീഴടങ്ങി.

അസീമിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂർ പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമരണമായി മാറുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിൽ അർധബോധാവസ്ഥയിൽ ഷമീർ, ജനീഫ എന്ന പേരുകൾ പറഞ്ഞതായി മെഡിക്കൽ സ്റ്റോർ ഉടമ പൊലീസിന് മൊഴി നൽകിയിരുന്നു. അസീമിനെ കണ്ടെത്തിയ സ്ഥലത്ത് അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താൻ സാധിക്കാതിരുന്നത് പൊലീസിന് കൂടുതൽ സംശയത്തിന് കാരണമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളായ ഇരുവരും പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

മാങ്കുഴിയിലുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ ബന്ധം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഷമീറും ഭാര്യ ജനീഫയും തമ്മിൽ പിണങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനീഫ മങ്കുഴിയിൽ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി അസീം മങ്കുഴിയിലെ വീട്ടിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഷമീർ വ്യാഴാഴ്ച വൈകീട്ട് ജനീഫയെ ഫോണിൽ വിളിക്കുകയും താൻ കൊച്ചിയിൽ പോകുന്നതായി പറയുകയും ചെയ്തു.

എന്നാൽ, വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ ഷമീർ ജനീഫയുടെ വീട്ടിലെത്തിയപ്പോൾ അസീമിനെ കാണുകയും സമീപത്ത് കിടന്ന പട്ടിക കൊണ്ട് ഉപയോഗിച്ച് അസീമിന്റെ തലയ്ക്കടിച്ചു സംഘർഷത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ്, അബോധാവസ്ഥയിലായ അസീമിനെ ഷമീറും ഭാര്യ ജനീഫയും ചേർന്ന് സ്‌കൂട്ടറിൽ ഇരുവർക്കും ഇടയിൽ ഇരുത്തി ചെങ്കവിളക്ക് സമീപം മുള്ളുവിളയിൽ കൊണ്ടുവന്ന് റോഡരുകിൽ ഉപേക്ഷിക്കുകയായിരുന്നു.

പൊഴിയൂർ എസ്.എച്ച്.ഒ. ദീപു, ഗ്രേഡ് എസ്‌ഐ. പ്രേമൻ, എസ്‌ഐ. ദീപക്ക്, സിവിൽ പൊലീസ് ഓഫീസർമാരായ ഡിപിൻ, ജിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അവിവാഹിതനായ അസീം വള്ളവിള സ്വദേശിയായ ഹനീഫ - ലത്തീഫ ദമ്പതികളുടെ മകനാണ്. കൊല്ലങ്കോട് കോഴിക്കടയിലെ ജീവനക്കാരനായ അസീം വ്യാഴാഴ്ച രാത്രി പത്തര മണിവരെ കടയിലുണ്ടായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.

യുവാവ് മരിച്ചതോടെ പൊഴിയൂർ പൊലീസ് തമിഴ്‌നാട് അതിർത്തിയിലുള്ള അസീമിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ അസീം ഇന്നലെ രാത്രി ജെനീഫയുടെ വീട്ടിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് ഇവർ കുറ്റമേറ്റതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസീമിന്റെ മാതാവ് ലത്തീഫ.