തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഊരൂട്ടുകാല, ഖാദി ബോർഡ് ഓഫീസിന് സമീപം ചരൽകല്ലുവിളവീട്ടിൽ ഷൺമുഖൻ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകൻ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്റ് ആണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയപ്പോൾ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പണമിടപാട് സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്നവർ വാളുമായി യുവാവിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ വെട്ടേറ്റ് ആദിത്യൻ റോഡിൽ വീണു. അപ്പോഴേയ്ക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ അക്രമിസംഘം കാറുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദിത്യൻ. ആദിത്യനും കുടുംബവും നിലവിൽ പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആദിത്യനും അക്രമിസംഘവും തമ്മിലുണ്ടായ പിടിവലിയിൽ ഇവർ ഉപേക്ഷിച്ച കാറിന്റെ ഗ്ലാസ് തകർന്നിരുന്നു. അക്രമിസംഘം വാളുപയോഗിച്ചാണ് വെട്ടിയത്. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആദിത്യന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.