- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാമുകന്റെ വീടും ബൈക്കും കത്തിച്ച യുവതിയും സഹായിയും പിടിയിൽ
പത്തനംതിട്ട: ഭാര്യ പിണങ്ങിപ്പോയിട്ടും തന്നെ വിളിച്ച് കൂടെ താമസിപ്പിക്കാത്തതിന്റെ വിരോധത്തിൽ യുവാവിന്റെ വീടും ബൈക്കും തീ വച്ചു നശിപ്പിച്ച കേ്സിൽ കാമുകിയും സഹായിയും അറസ്റ്റിൽ. പെരുനാട് മാടമൺ കോട്ടൂപ്പാറ പതാലിൽ വീട്ടിൽ നിന്നും റാന്നി വരവൂർ ലാലിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിത, റാന്നി പുതുശ്ശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടിൽ സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10 ന് പുലർച്ചെ പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കുമാണ് ഇവർ കത്തിച്ചത്.
സുനിതയും രാജ്കുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പെരുനാട് പൊലീസ് പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജ്കുമാർ സുനിതയെ വിളിച്ചുകൊണ്ടു കൂടെതാമസിപ്പിക്കാത്തതിലുള്ള വിരോധം കാരണമാണ് സതീഷുമായി ചേർന്ന് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
രാജ്കുമാറിന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിച്ചു. വീട് കുത്തിത്തുറന്ന് അകത്തുകയറിതീയിട്ടതിനെ തുടർന്ന് ഫർണിച്ചറുകളും മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റും കത്തിനശിച്ചു. രാജ്കുമാറും കുടുംബവും ഈസമയം വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
രാജ്കുമാറിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പൊലീസ്, സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം വിരലടയാള വിദഗ്ദ്ധർ ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുലർച്ചെ 1.15 ഓടെ ഒരു സ്ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റർ സ്‌കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടർ ഓഫ് ചെയ്തും ഹെഡ് ലൈറ്റ് കത്തിക്കാതെയും 17 ഏക്കറിൽ നിന്നും മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശപ്രകാരം പെരുനാട് പൊലീസ് ഇൻസ്പെക്ടർ വി ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച പൊലീസ് സംഘം, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ കണ്ടെത്തുകയായിരുന്നു. സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരിൽ നിന്നും പ്രതികൾ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10 ന് പുലർച്ചെ 1.15 ന് 17 ഏക്കറിൽ എത്തിയതായും സാക്ഷിമൊഴികൾ ലഭിച്ചിരുന്നു. സ്‌കൂട്ടർ നമ്പരും വ്യക്തമായിരുന്നു, ഉടമസ്ഥൻ സതീഷ് കുമാർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് സുനിതയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയും , തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടർ സതീഷിന്റെ വീടിന്റെ പരിസരത്തുനിന്നും പിന്നീട് കണ്ടെത്തി.