കൊച്ചി: കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിൽ മൂന്ന് പേരെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ലോഡ്ജിൽ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മർദിച്ച പ്രതികൾ പണവും മൊബൈൽ ഫോണും കവരുകയായിരുന്നു.

ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി. ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം കവർന്നു. ലോട്ടറിക്കച്ചവടക്കാരൻ ഫോണിനായി പിടിവലി നടത്തിയതോടെ പ്രതികളിലൊരാൾ ഇയാളുടെ കൈ പിടിച്ചുവച്ചു. ഈ സമയം മറ്റൊരാൾ അയേൺ ബോക്‌സുകൊണ്ട് മുഖത്തിട്ട് അടിക്കുകയും ചെയ്തു. ലോട്ടറിക്കച്ചവടക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളും അക്രമി സംഘത്തിൽപ്പെട്ടവരും തമ്മിൽ തർക്കമുണ്ടായി. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും എറണാകുളത്ത് സ്പാ നടത്തുന്നവരാണ് പ്രതികളെന്നും പൊലീസ് അറിയിയിച്ചു.

കൊച്ചിയിൽ ഇത്തരം സംഭവം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. അടുത്തിടെ ബാറിൽ വെടിവയ്പുണ്ടായിരുന്നു. ബാർ ജീവനക്കാർക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. നാലംഗ സംഘമായിരുന്നു കൃത്യം നടത്തിയത്. ബാറിലെത്തിയ പ്രതികൾ മദ്യം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാർക്ക് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇവർ കാറിൽ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബാറിലെ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കായിരുന്നു വെടിയേറ്റത്.