- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്രിപ്റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് ആറരലക്ഷം തട്ടി; വിശ്വാസ്യത ഉറപ്പിക്കാന്‍ നേരിട്ട് തട്ടിപ്പിനിറങ്ങിയ ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്ത് തോപ്പുംപടി പോലീസ്
ടെലഗ്രാം വഴി പരിചയപ്പെട്ട് യുഎസ്ഡിറ്റിപിടിപി എന്ന ഗ്രൂപ്പില്‍ ക്രിപ്റ്റോ കറന്‍സി വില്‍ക്കാനുണ്ട് എന്ന് കാണിച്ച് പരസ്യം ഇട്ടാണ് തട്ടിപ്പിന്റെ തുടക്കം
കൊച്ചി: ക്രിപ്റ്റോ കറന്‍സി വാഗ്ദാനം 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്നാട് ചെന്നൈ സ്വദേശി എംജിആര്‍ നഗര്‍ ജീവാനന്ദം സ്ട്രീറ്റില്‍ നവീനാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തട്ടിപ്പില്‍ വിശ്വാസ്യത ഉറപ്പിക്കാന്‍ നേരിട്ട് എത്തിയതാണ് നവീന് വിനയായത്.
ടെലഗ്രാം വഴി പരിചയപ്പെട്ട് യുഎസ്ഡിറ്റിപിടിപി എന്ന ഗ്രൂപ്പില്‍ ക്രിപ്റ്റോ കറന്‍സി വില്‍ക്കാനുണ്ട് എന്ന് കാണിച്ച് പരസ്യം ഇട്ടാണ് തട്ടിപ്പിന്റെ തുടക്കം. ഇതില്‍ ആകൃഷ്ടനായ പരാതിക്കാരനുമായി വാട്സ്ആപ്പും മൊബൈല്‍ ഫോണും വഴി പ്രതികള്‍ ബന്ധപ്പെട്ടു. ആഴ്ചകളോളം സംസാരിച്ചു വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം പ്രതികള്‍ അക്കൗണ്ട് നമ്പറുകള്‍ അയച്ചു കൊടുത്തു. പണം അതിലേക്ക് ഇടാന്‍ പറഞ്ഞു.
കൂടുതല്‍ വിശ്വാസം ലഭിക്കുന്നതിനായി ചെന്നൈയില്‍ നിന്നും അയച്ച നവീന്‍ എന്ന ജീവനക്കാരനാണ് പിടിയിലായത്. കൊച്ചിയിലേക്ക് ബസ് കിട്ടാതെ വന്നതിനെ തുടര്‍ന്ന് നെടുമ്പാശേരിയിലേക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്താണ് നവീനെ അയച്ചത്. നവീന്‍ ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ എത്തുകയും പരാതിക്കാരനുമായി സംസാരിക്കുകയും ചെയ്തു.
ചെന്നൈയിലുള്ള ആളുടെ സഹോദരനാണെന്നാണ് നവീന്‍ പറഞ്ഞത്. പണം അവര്‍ തന്ന അക്കൗണ്ടിലേക്ക് ധൈര്യമായി ഇട്ടു കൊള്ളാനും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ ആറര ലക്ഷം രൂപ ഓണ്‍ലൈനായി അടച്ചു. ഒരു മണിക്കൂറിനകം ക്രിപ്റ്റോ കറന്‍സി ലഭിക്കുമെന്നും പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതികളെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ പരാതിക്കാരന്‍ നവീനെ കൂടുതല്‍ ചോദ്യം ചെയ്തു.
തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നവീനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി എസിപി പി.ബി. കിരണിന്റെ നിര്‍ദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി.ടി. സഞ്ജയ്, എസ്ഐ ഷാബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണി,ദിലീപ്, എ എസ് ഐ രൂപേഷ്,വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്