പന്തളം: കുളനട സ്വർണക്കവർച്ചക്കേസിൽ നിർണ്ണായക വഴിത്തിരിവുമായി പോലീസ്. മൊബൈൽഫോൺ വിവരങ്ങൾക്ക് പകരം പ്രതികൾ ഉപയോഗിച്ച കാർ നമ്പർ പിന്തുടർന്നാണ് അന്വേഷണസംഘം കുറ്റവാളികളെ വലയിലാക്കിയത്. തമിഴ്നാട്ടിൽനിന്ന് പിടിയിലായ സംഘത്തിന് കർണാടകയിലും കൊല്ലത്തും നടന്ന സമാനമായ കവർച്ചകളിലും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

സാധാരണ മോഷണക്കേസുകളിൽനിന്ന് വ്യത്യസ്തമായി, മൊബൈൽഫോൺ ഉപയോഗിക്കാതെയും കാർ നമ്പർ മാറ്റി ഉപയോഗിച്ചുമാണ് സംഘം കവർച്ചകൾ നടത്തിയിരുന്നത്. ജില്ലയിലെ അഞ്ഞൂറിലധികം സി.സി.ടി.വി. ക്യാമറകൾ തുടർച്ചയായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ വെളുത്ത സ്വിഫ്റ്റ് കാർ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ കാറിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ, തമിഴ്നാട്ടിൽ നിന്ന് വാഹനം കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു.

തിരുനെൽവേലിയിൽനിന്നും 29-ന് രാവിലെ തിരിച്ച മോഷ്ടാക്കൾ നാഗർകോവിൽവഴി പുലർച്ചെ 3.30-ഓടെ കുളനടയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കുളനടയിലെ കവർച്ചയ്ക്ക് ശേഷം കർണാടകയിലെ ഉഡുപ്പി കാപ്പ സ്റ്റേഷൻ അതിർത്തിയിൽ നിന്ന് 70 പവനും ഒൻപത് ലക്ഷം രൂപയും റാഡോ വാച്ചുകളും സംഘം കവർന്നു. പിന്നീട് കേരളത്തിലെത്തി കൊല്ലം ജില്ലയിലെ കുണ്ടറ ഭാഗത്തും സമാനമായ കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസ് അന്വേഷണത്തിന് നേതൃത്വം നൽകി. അടൂർ ഡിവൈ.എസ്.പി. പ്രദീപ്കുമാർ, പന്തളം എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷ്, എസ്.ഐ. യു.വി. വിഷ്ണു, പോലീസുദ്യോഗസ്ഥരായ ടി.എസ്. അനീഷ്, എസ്. അൻവർഷ, ആർ. രഞ്ജിത്, നിയാസ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കവർച്ചയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പന്തളം സി.ഐ. ടി.ഡി. പ്രജീഷ് അറിയിച്ചു