കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് 300 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കൊച്ചി യൂണിറ്റിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മലപ്പുറത്തും കോഴിക്കോടും നടത്തിയ റെയ്ഡുകളിലാണ് ഈ കണ്ടെത്തല്‍. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ക്രിപ്‌റ്റോ കറന്‍സികളായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്നും, പിന്നീട് ഇത് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ സംഘം നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെയാണ് ദുരുപയോഗം ചെയ്തത്. ഹവാല സംഘത്തെ നിയന്ത്രിക്കുന്നത് മലപ്പുറം സ്വദേശികളായ മുഹമ്മദലി മാളിയേക്കല്‍, റാഷിദ് എന്നിവരാണെന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍ വഴി ഇത്തരത്തില്‍ ക്രിപ്‌റ്റോ ഹവാല തട്ടിപ്പ് നടക്കുന്നതായി നേരത്തെ ഭോപ്പാലില്‍ കണ്ടെത്തിയിരുന്നു.

സ്വന്തം ആവശ്യങ്ങള്‍ക്ക് അല്ലാതെ വ്യക്തിഗത കെ.വൈ.സി (KYC) വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും, ഇത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഹവാലയുടെ വരവും പോക്കും

ഈ വര്‍ഷം ജനുവരിയില്‍, ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. 1500-ല്‍ അധികം അക്കൗണ്ടുകള്‍ വഴിയുള്ള വന്‍തോതിലുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് കണ്ടെത്തിയത്. ഈ ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ കള്ളപ്പണമായി ദുബായിലേക്ക് കടത്തിയെന്നായിരുന്നു കണ്ടെത്തല്‍. വിദേശനാണ്യ വിനിമയ ചട്ടം (FEMA), കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) എന്നിവ പ്രകാരം നിയമവിരുദ്ധമായ 'ഹവാല' ഇടപാടുകളാണ് ഇത്തരം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പിന്നില്‍.

ജനുവരിയില്‍ കോഴിക്കോട്ടെ ഒരു സ്ഥാപനമുള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വ്യാപകമായ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. അന്വേഷണത്തില്‍, പതിനഞ്ചൂറോളം അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തി വന്‍തോതില്‍ പണം ക്രിപ്‌റ്റോ കറന്‍സികളിലേക്ക് മാറ്റുകയും, തുടര്‍ന്ന് അത് ദുബായിലേക്ക് 'ഹവാല' ഇടപാടുകള്‍ വഴി കടത്തുകയുമായിരുന്നു. ഇത്തരം ഇടപാടുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍, പ്രത്യേകിച്ച് തീവ്രവാദ സംഘടനകളുമായുള്ള ബന്ധമുള്‍പ്പെടെ അന്വേഷിച്ചിരുന്നു.

'ഹവാല' എന്നത് പണം കൈമാറുന്നതിനുള്ള അനൗദ്യോഗിക മാര്‍ഗ്ഗമാണ്. കൊച്ചി നഗരം 'ഹവാല' ഇടപാടുകളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ്. പ്രതിദിനം ഏകദേശം 50 കോടി രൂപയുടെ ഇടപാടുകള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍, സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളും 'ഹവാല' ഇടപാടുകളില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണ്ണവും 123 കോടി രൂപയുടെ 'ഹവാല' പണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം, ഈ 'ഹവാല' പണത്തിന്റെ വലിയൊരു പങ്കും സംസ്ഥാനത്തേക്ക് തന്നെയാണ് എത്തുന്നത്, അതില്‍ കൂടുതല്‍ പിടിച്ചെടുക്കലുകളും മലപ്പുറം ജില്ലയിലാണ് നടന്നിട്ടുള്ളത്.

2023 ജൂണില്‍ കൊച്ചിയിലെ ഇടപ്പള്ളിയിലെ കടകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 3 കോടി രൂപയുടെ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ കണ്ടെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 'ഹവാല' പണം ഒഴുക്കുന്നതിനെക്കുറിച്ചുള്ള വിവരത്തെ തുടര്‍ന്നാണ് ഈ റെയ്ഡ് നടന്നതെന്നും, ഇതില്‍ കടയുടമകളും ഇടപാടുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കൊല്ലം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും സമാനമായ റെയ്ഡുകള്‍ നടന്നിരുന്നു.