തിരുവനന്തപുരം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പു കേസില്‍ അന്വേഷണം മുറുകിയതോട പരസ്പ്പരം പഴിചാരി രക്ഷപെടാന്‍ ഒരുങ്ങി നേതാക്കള്‍. കോണ്‍ഗ്രസ്് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവരാണ് തട്ടിപ്പില്‍ നിന്നും രക്ഷതേടാന്‍ വഴിതേടുന്നത്. ലാലി വിന്‍സെന്റാണ് സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിന്റെ ആരോപണം തള്ളി ലാലി വിന്‍സെന്റ് രംഗത്തുവന്നു. അനന്തുകൃഷ്ണന്‍ വഴിയാണ് താന്‍ ആനന്ദകുമാറിനെ പരിചയപ്പെട്ടതെന്ന് ലാലി വിന്‍സെന്റ് പ്രതികരിച്ചു.

നാല് വര്‍ഷം മുമ്പ് ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പരിപാടിയില്‍വെച്ചാണ് ആനന്ദകുമാറിനെ പരിചയപ്പെട്ടത് എന്നാണോര്‍മ. അനന്തുകൃഷ്ണനെ മകനെപ്പോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ആനന്ദകുമാര്‍. ആനന്ദകുമാറിന്റെ ഓഫീസിലേക്ക് താന്‍ പോയിട്ടില്ലെന്നും അയാള്‍ പറയുന്നത് കള്ളമാണെന്നും ലാലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ ഓഫീസിലേക്ക് അനന്തുകൃഷ്ണനെ കൊണ്ടുവന്നത് ലാലി വിന്‍സെന്റ് ആണെന്നും അപ്പോഴാണ് പരിചയപ്പെട്ടത് എന്നുമായിരുന്നു ആനന്ദകുമാറിന്റെ ആരോപണം.

അനന്തുകൃഷ്ണന്റെ അഭിഭാഷകയായിരുന്ന ലാലി വിന്‍സെന്റ് തട്ടിപ്പുകേസില്‍ ഏഴാം പ്രതിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ട വിഐപികള്‍ ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും അവരുടെ പേരുകള്‍ പോലീസിനോട് പറയുമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി. സാമൂഹ്യ സംഘടനകളും മതസംഘടനകളും സന്യാസ സ്ഥാപനങ്ങും ഈ തട്ടിപ്പില്‍ കണ്ണികളാണെന്നും അവയെല്ലാം തുറന്നുപറയുമെന്നും ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്‍ ആനന്ദ കുമാറാണെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായ അനന്തുകൃഷ്ണന്‍ ആനന്ദകുമാറിന്റെ ബിനാമി ആണോയെന്നും എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, സോളാര്‍ പാനല്‍ തുടങ്ങിയവ നല്‍കാമെന്ന് പറഞ്ഞ് ആയിരം കോടി രൂപയുടെ തട്ടിപ്പാണ് അനന്തുകൃഷ്ണന്‍ നടത്തിയത്. ഏഴ് പേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയായ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലുള്ളത് നാലുകോടി രൂപ മാത്രമാണ്. എന്നാല്‍, ആയിരത്തിലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപ്പോള്‍ ബാക്കി പണം എവിടെയെന്ന ചോദ്യം ശക്തമാണ്.

ഈ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചോ, പുറത്തേക്ക് കടത്തിയോ തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതവരാന്‍ അനന്തുകൃഷ്ണനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടിരിക്കുന്നത്. എന്നാല്‍, പൊലീസിന്റെ ചോദ്യങ്ങളോട് സഹകരിക്കാത്ത സമീപനമാണ് അനന്തുകൃഷ്ണന്റെ ഭാഗത്തുനിന്നുള്ളതെന്ന് പറയുന്നു.

ഇതിനിടെ, അനന്തുകൃഷ്ണന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കയാണ്. മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേസ് ക്രൈം ബാഞ്ച് അന്വേഷിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ, ഇ.ഡി. ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞു. കേരളത്തില്‍ മുന്‍പ് നടന്ന മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പാണ് നടന്നതെന്നാണ് ഇ.ഡിയുടെ ആദ്യ വിലയിരുത്തല്‍. ഇതിനിടെ, അനന്തുകൃഷ്ണന് 19 അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഈ അക്കൗണ്ടികളിലൂടെ 450 കോടിയുടെ ഇടപാട് നടത്തിയെന്നാണ് മനസിലാക്കുന്നത്. ഇതിനിടെ, വന്‍തോതില്‍ ഭൂമി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം സംശയിക്കുന്നു.

സി.എസ്.ആര്‍. ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.