- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹാഷിഷ് ഓയിൽ കണ്ടെടുത്ത കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശിയും ഡ്രൈവറുമായ ഷോജോ ജോണിനെയാണ് (55) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷോജോയെ വീട്ടിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെടുത്തതിന്റെ പേരിൽ എക്‌സൈസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡി മരണം ആയതിനാൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നു.
സംഭവത്തിൽ പരാതിയുമായി ഷോജോയുടെ ഭാര്യയാണ് രംഗത്തുവന്നത്. ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഭാര്യ ജ്യോതി പറയുന്നത്. 'ഇന്നലെ വൈകുന്നേരം ഭർത്താവ് വീട്ടിൽ വന്നത് അഞ്ച് മണിക്കാണ്. അപ്പോൾ നാലഞ്ച് പേർ വീട്ടിൽ വന്നു. പുള്ളി വന്നതിന് പിന്നാലെ തന്നെയാണ് അവരും വന്നത്. അവർ പുള്ളിയെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. അത് കഴിഞ്ഞ് ഒരു നീല ബാഗിന്റെ കാര്യം പറഞ്ഞു. പിന്നെ വീട് മുഴുവൻ തിരഞ്ഞു. അവിടെ നിന്ന് ഒന്നും കിട്ടിയില്ല. അവസാനം ഒരു ബാഗിൽ നിന്ന് അവർ രണ്ട് കിലോ ലഹരി മരുന്ന് എടുക്കുന്നത് കണ്ടു.
വീട്ടിൽ നിന്ന് കിട്ടിയതിനാൽത്തന്നെ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുട്ടിയും കൂടിയുള്ളതുകൊണ്ട് ഞങ്ങളെ മാറ്റിനിർത്തി ഹാളിൽ വച്ചാണ് അവർ ചോദ്യം ചെയ്തത്. വൈകുന്നേരം ഏഴര മണിയോടെയാണ് അതൊക്കെ കഴിഞ്ഞത്. ഇതിന് മുൻപ് ഇങ്ങനെയൊരു കേസിലും ഭർത്താവ് പെട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഭാര്യക്കോ കുടുംബത്തിനോ ഇതിൽ പങ്കില്ല എന്നും പറയുന്നുണ്ടായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിക്ക് വിളിച്ചാണ് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുന്നത്. ആത്മഹത്യ ചെയ്തതാണെങ്കിൽ അത് എക്‌സൈസ് ഓഫീസിൽ നിന്നാണെന്ന് പറയുമ്പോൾ അവിടെ ആരെങ്കിലും കാണില്ലേ, ആത്മഹത്യ ചെയ്യാൻ പറ്റുന്ന ഒരവസ്ഥ ആയിരിക്കില്ലല്ലോ. സാധാരണ ഓഫീസുകളിൽ അങ്ങനെയല്ലേ? ജയിലിലാണെങ്കിലും ആളുണ്ടാകില്ലേ. അതുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് പറയുന്നത്.സാധാരണഗതിയിൽ ഇങ്ങനെയൊരു അവസ്ഥയിൽ ടെൻഷനുണ്ടാകും. എന്താണ് സംഭവിച്ചത് എന്നറിയില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടിവരും. ഇവർ എന്തെങ്കിലും ചെയ്തത് തന്നെയാണ്. അല്ലെങ്കിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്ത് സംഭവിക്കാനാണ്. അങ്ങനെ ആത്മഹത്യ ചെയ്യണമെങ്കിൽ എത്ര പ്രതികൾ അവിടെ പോകുന്നതാണ്'- ജ്യോതി മാധ്യമങ്ങളോട് പ്രതികരിച്ചു.നാട്ടിൽ ഡ്രൈവറായിരുന്ന ഷോജോ തമിഴ്‌നാട്ടിലാണ് കൂടുതലായും ജോലിക്ക് പോയിരുന്നതെന്ന് ജ്യോതി പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണം വിവാദമായതോടെ മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷിക്കും.