കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ ഫേസ്‌ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടൻ നസ്ലെൻ കെ ഗഫൂറിന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫേസ്‌ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമവും കേരളാ പൊലീസ് തുടങ്ങി. ഐപി അഡ്രസിലൂടെ ഐഡി ഉണ്ടാക്കിയ ആളിനെ കണ്ടെത്താനാണ് നീക്കം. ആളെ തിരിച്ചറിഞ്ഞാൽ കൂടുതൽ നടപടികൾ ഉണ്ടാകും.

വ്യാജനെതിരെ നസ്ലെൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരിൽ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെൻ വ്യക്തമാക്കിയിരുന്നു. കാക്കനാട്ടെ സൈബർ സെൽ ഓഫീസിൽ നൽകിയ പരാതിയുടെ കോപ്പിയും താരം പുറത്തു വിട്ടിരുന്നു. തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെൻ . കുരുതി, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലും നസ്ലെൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

സൈബർ സെല്ലിൽ പരാതി നൽകിയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്ലെൻ അറിയിച്ചത്. സുഹൃത്തുക്കൾ സ്‌ക്രീൻഷോട്ട് അയച്ച് നൽകിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്ലെൻ വിഡിയോയിൽ വ്യക്തമാക്കി. ആരോ ഒരാൾ ചെയ്ത കാര്യത്തിനാണ് പഴി കേൾക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെൻ പറഞ്ഞു. കുറച്ച് സുഹൃത്തുക്കൾ സ്‌ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ്ലെൻ പറഞ്ഞു. ഫേസ്‌ബുക്കിൽ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതോ ഒരാൾ ചെയ്ത കാര്യത്തിനാണ് താനിപ്പോൾ പഴി കേൾക്കുന്നത്. അങ്ങനെ പഴി കേൾക്കുമ്പോൾ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെൻ പറയുന്നു. ഫേസ്‌ബുക്കിൽ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടെന്ന് ആരോപിച്ച് യുവനടൻ നസ്ലിൻ കെ ഗഫൂറിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. താരത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയാണ് ഇപ്പോൾ കേരളാ പൊലീസ്.

നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്ലിന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക് പേജിൽ നിന്നും കമന്റ് വരുന്നത്.ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതും. ഇതുസംബന്ധിച്ച വാർത്തയുടെ പോസ്റ്റർ മീഡിയവൺ ഫേസ്‌ബുക് പേജിൽ പങ്കുവെച്ചതിന് പിന്നാലെ നസ്ലിൻ കെ. ഗഫൂർ എന്ന ഫേസ്‌ബുക് പേജിൽ നിന്ന് കമന്റ് വരികയായിരുന്നു. 'ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു ' എന്നായിരുന്നു നസ്ലിന്റെ പേരിൽ വ്യാജമായി സൃഷ്ടിക്കപ്പെട്ട ഫേസ്‌ബുക് പേജിൽ നിന്നുവന്ന കമന്റ്.

കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ സംഘപരിവാർ അനുകൂലികളും മറ്റും നസ്ലിനെതിരെ വ്യാപകമായ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22,000ത്തിൽപ്പരം ഫോളോവേഴ്സ് ഉള്ള പേജിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. ലസിത പാലക്കലടക്കമുള്ള സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് നസ്ലിന്റെ വ്യാജ പേജിലെ കമന്റിന് താഴെ വളരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം നടന്നു. അഞ്ഞൂറിൽപ്പരം ആളുകളാണ് നസ്ലിന്റെ പേരിൽ മീഡിയവൺ വാർത്തക്ക് താഴെ വന്ന കമന്റിൽ പ്രതികരണവുമായെത്തിയത്. താരത്തിനെതിരെ സംഘടിതമായി സംഘപരിവർ സൈബർ സെൽ ആക്രമണം അഴിച്ചുവിട്ടു. 'മുക്കം സ്വയം സേവകർ' എന്ന പേജ് 'സെലിബ്രിറ്റി ഭീകരൻ' എന്നൊക്കെയാണ് താരത്തെ അധിക്ഷേപിച്ചിരിക്കുന്നത്. ഇതോടെയാണ് പരാതിയുമായി നടൻ പൊലീസിന് മുമ്പിലെത്തിയത്.

നസ്ലിന്റെ പേരിലുള്ള വ്യാജ പേജിന്റെ യു.ആർ.എൽ പരിശോധിക്കുമമ്പോൾ മനസിലാകുന്നത് വിനീത് നായർ എന്നയാൾ ആണ് ആ പേജ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. https://www.facebook.com/vineeth.nair55 എന്നാണ് ഫേസ്‌ബുക് പേജിന്റെ യു.ആർ.എൽ. അതിന്റെ പേജ് നെയിം പിന്നീട് നസ്ലിൻ കെ ഗഫൂർ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫേസ്‌ബുക് പേജിനെക്കുറിച്ചും നസ്ലിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പേജിൽ നിന്നാണ് കമന്റ് വന്നതെന്നും ആ പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്ലിൻ വ്യക്തമാക്കി. ഒപ്പം യഥാർഥ ഫേസ്‌ബുക് പേജിന്റെ ലിങ്കും നസ്ലിൻ പങ്കുവെച്ചിട്ടുണ്ട്.