കണ്ണൂർ: കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി യുവാവിന് ലക്ഷങ്ങൾ നഷ്ടമായി. മട്ടന്നൂർ മരുതായിയിലെ നാൽപത്തിയൊന്നു വയസുകാരനാണ് ഓൺലൈൻ പ്ളാറ്റ് ഫോം വഴിയുള്ള പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി 4,17,483 രൂപ നഷ്ടമായത്. സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്.

ജൂലായ് 13ന് രാവിലെ മുതൽ 17-വരെ വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. ടെലഗ്രാം ആപ്പ് വഴി ടാസ്‌കുകൾ അയച്ചു. ഓരോ ടാസ്‌ക് പൂർത്തീകരിക്കുമ്പോഴെക്കും ലാഭമടക്കം തിരിച്ചു നൽകാമെന്നും പറഞ്ഞിരുന്നുവെങ്കിലും നിക്ഷേപിച്ച തുകയടക്കം തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. യുവാവ് കണ്ണൂർ സൈബർ പൊലിസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

ഇതിനിടെ സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലിസ് മുന്നറിയിപ്പുനൽകി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കും. കോൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും തെളിയുക. ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശമായിരിക്കുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും അടുത്ത സന്ദേശം. ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുതെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടണമെന്നും ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും കേരള പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

 കേരള പൊലിസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം:

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.

വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശൽലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.

ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം? ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.

എൻ.ബി: ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.