- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ കോളിൽ മുംബൈ പൊലീസിന്റെ സെറ്റപ്പ്; ഐഡി കാർഡ് ധരിച്ച കാക്കിയിട്ട പൊലീസുകാർ; അറസ്റ്റ് ഒഴിവാക്കാൻ പണം തരണമെന്ന് ഭീഷണി; ഇൻഫോസിസ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് സൈബർ ക്രിമിനലുകൾ 3.7 കോടി തട്ടിയെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ, ഇൻഫോസിസിലെ സീനിയർ എക്‌സിക്യൂട്ടീവിനെ കബളിപ്പിച്ച് 3.7 കോടി രൂപ സൈബർ ക്രിമിനലുകൾ തട്ടിയെടുത്തു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ ഇന്ത്യ( ട്രായ്), സിബിഐ, മുംബൈ പൊലീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.
കള്ളപ്പണം വെട്ടിക്കൽ അടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം ആരോപിച്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. നവംബർ 21 നാണ് ആദ്യ കോൾ വന്നത്. മുംബൈയിലെ വകോല പൊലീസ് സ്റ്റേഷനിൽ ഇൻഫോസിസ് ഉദ്യോഗസ്ഥന് എതിരെ ക്രിമിനൽ കേസുണ്ടെന്നും, ആധാർ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കള്ളപ്പണ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. അടുത്ത രണ്ടുദിവസം ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അക്കൗണ്ടിൽ നിന്ന് സൈബർ ക്രിമിനലുകൾ ബലമായി 3.7 കോടി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.
സംഭവത്തിൽ, ഐടി നിയമവും, ഐപിസി 419, 420 വകുപ്പുകൾ പ്രകാരവും സൈബർ ക്രൈം പൊലീസ് കേസെടുത്തു. നഷ്ടപ്പെട്ട പണം 3 കോടിക്ക് മുകളിലായതിനാൽ, കേസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പിന്( സി ഐ ഡി) കൈമാറും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളെ സമീപിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ:
ട്രായ് ഓഫീസർ( വ്യാജൻ) ആണ് ആദ്യം വിളിച്ചത്. ഇൻഫോസിസ് ഉദ്യോഗസ്ഥന്റെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് അനധികൃത പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ ഉപയോഗിക്കുന്നു എന്നാണ് വിളിച്ചയാൾ അവകാശപ്പെട്ടത്. തനിക്ക് അങ്ങനെയൊരു നമ്പർ ഇല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, ആധാർ കാർഡ് രേഖകൾ വച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്നായിരുന്നു മറുപടി.
പിന്നീട് കോൾ മുംബൈ പൊലീസിലെ സീനിയർ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾക്ക് കൈമാറി. ഇൻഫോസിസ് എക്‌സിക്യൂട്ടീവ് മുംബൈയിലെത്തി തങ്ങളെയും, ഡൽഹിയിൽ സിബിഐയെയും കാണണമെന്നായി തട്ടിപ്പുകാരൻ. വന്നില്ലെങ്കിൽ, അറസ്റ്റ് ചെയ്യുമെന്നും ഭീഷണി മുഴക്കി
വിശ്വസിപ്പിക്കാൻ വീഡിയോ കോൾ
ഇതേ തുടർന്ന് വീഡിയോ കോളിലേക്ക് നീങ്ങി കാര്യങ്ങൾ. അവിടെ ഒരു പൊലീസ് സ്‌റ്റേഷൻ കാണാമായിരുന്നു. കാക്കിയിട്ട ഏതാനും പൊലീസുകാർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് മുംബൈ പൊലീസിന്റെ തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നു. ഇൻഫോസിസ് ഉദ്യോഗസ്ഥന് എതിരെയുള്ള പരാതിയുടെ പകർപ്പും കാണിച്ചു( അതും വ്യാജം)
അറസ്റ്റ് ഒഴിവാക്കാൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമിടണമെന്നായി സംഘം. പണം കിട്ടിയാൽ കേസുകൾ എല്ലാം ഒഴിവാക്കും. കള്ളപ്പണക്കേസിൽ, ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് ഓഡിറ്റ് ചെയ്ത് കഴിഞ്ഞാൽ പണം തിരികെ നൽകുമെന്നു വരെ അവർ പറഞ്ഞു. ആകെ പരിഭ്രാന്തനായ എക്‌സിക്യൂട്ടീവ് നവംബർ 21 നും 23 നും ഇടയിലായി പലവട്ടമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 3.7 കോടി കൈമാറി. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി നവംബർ 25 ന് പരാതി നൽകിയത്.
എളുപ്പം കബളിപ്പിക്കാമെന്ന് തോന്നുന്ന ആളുകളെ സൈബർ ക്രമിനലുകൾ ഫോണിൽ വിളിച്ചിട്ട് ട്രായിയുടെയോ, കുറിയർ സർവീസ് കമ്പനികളുടെയോ പേരിൽ പണം തട്ടിയെടുക്കുന്നത് പതിവായിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. യുക്തിപരമായി ചിന്തിക്കാൻ അവസരം കൊടുക്കാതെ ഇരകളിൽ ഭയം ജനിപ്പിച്ച് വളരെ വേഗത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ഓപ്പറേഷൻ. ഇത്തരം കോളുകൾ വന്നാൽ, പൊലീസിൽ അറിയിക്കുമെന്നും, അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമേ പ്രതികരിക്കാനാവു എന്നും മറുപടി പറയണം, പൊലീസിന്റെ ഉപദേശം ഇങ്ങനെ.
മറുനാടന് മലയാളി ബ്യൂറോ