- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുള്ള യുവാവുമായി സോഷ്യൽ മീഡിയ വഴി പരിചയം; ഉറ്റബന്ധത്തിലേക്ക് മാറിയതോടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചെന്ന് അറിയിച്ചു; പിന്നാലെ കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ച് ലക്ഷം അടക്കണമെന്ന് സന്ദേശം; കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയും പണം വാങ്ങി; സൈബർ തട്ടിപ്പിൽ ഇടുക്കിയിലെ അദ്ധ്യാപികക്ക് നഷ്ടം 12 ലക്ഷം
ഇടുക്കി: ലോകത്ത് എവിടെ സാമ്പത്തിക തട്ടിപ്പുകൾ നടന്നാലും അതിൽ തലവെക്കാൻ ഒരു മലയാളി കാണും എന്നു പറഞ്ഞാൽ അതിൽ അത്ഭുതപ്പടൊനില്ല. ഇതിനായി എങ്ങും പോകാതെ വീട്ടിൽ ഇരുന്നു പണി വാങ്ങുന്നവരാണ് മലയാകൾ. നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടമായ നിരവധി പേരുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒടുവിൽ ഇടുക്കിയിൽ നിന്നും ഒരു മലയാളി അദ്ധ്യാപികയുമായി. സൈബറിടത്തിലൂടെ നടന്ന സാമ്പത്തിക തട്ടിപ്പിനാണ് ഇടുക്കിയിലെ മലയാളി യുവതി ഇരയായിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവാവാണ് അദ്ധ്യാപികയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 12 ലക്ഷം രൂപ തട്ടിയെടുത്തത്. കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണയായി 12 ലക്ഷത്തോളം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അദ്ധ്യാപികയിൽനിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ അദ്ധ്യാപിക നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: തികച്ചു അപ്രതീക്ഷിതമായാണ് യുവാവുമായി അദ്ധ്യാപിക സോഷ്യൽ മീഡിയ വഴി പരിചയത്തിലാകുന്നത്. ഈ പരിചയം യുവാവിന്റെ ഊഷ്മളമായ ഇടപെടൽ കൊണ്ട് ഉറ്റബന്ധമായി മാറുകയായിരുന്നു. ഇതോടെ യുവാവ് അദ്ധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയയ്ക്കുകയാണെന്ന് അറിയിച്ചു. അദ്ധ്യാപിക വിലക്കിയെങ്കിലും യുവാവ് സമ്മാനം അയക്കുമെന്ന് വ്യക്തമാക്കി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ എയർപോർട്ട് കസ്റ്റംസിൽനിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങൾ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അദ്ധ്യാപികയ്ക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അദ്ധ്യാപികയ്ക്ക് ഇതിനൊപ്പം ലഭിച്ചു.
ഇവിടം മുതലാണ് അദ്ധ്യാപികയ്ക്ക് പണം നഷ്ടമാകാൻ തുടങ്ങിയത്. ഫോൺ സന്ദേശത്തിൽ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അദ്ധ്യാപിക പണം കൈമാറി. ഇതിന് പിന്നാലെ കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സന്ദേശം അദ്ധ്യാപികയെ തേടി എത്തുകയായിരുന്നു. കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു പലതവണയായി ഏഴു ലക്ഷം രൂപ കൂടി അദ്ധ്യാപിക കൈമാറി.
സംഗതി ഇത്രയുമായപ്പോൾ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനോട് അദ്ധ്യാപിക വിവരം പറഞ്ഞു. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായതെന്ന അദ്ധ്യാപികയ്ക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. യുവതിയിൽ നിന്നും പണം തട്ടിയവരെ തേടി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബറിടത്തിലെ ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണം എന്നാണ് പൊലീസും നൽകുന്ന മുന്നറിയിപ്പ്. സമാനമായ വിധത്തിൽ നിരവധി തട്ടിപ്പുകൾ രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ