- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇരട്ടി ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ പണം നിക്ഷേപിച്ചു; പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോയി; നാലു മാസത്തിനുള്ളിൽ കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപ; വ്യാജ ട്രേഡിങ് ആപ്പ് നിയന്ത്രിക്കുന്നത് വിദേശത്തുനിന്ന്
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമയ്ക്ക് നഷ്ടമായത് 25 കോടി രൂപ. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വെച്ച് ഒരു വ്യക്തിയിൽനിന്ന് ഏറ്റവും വലിയ തുക തട്ടിയെടുത്ത കേസാണിത്. സംഭവത്തിൽ സൈബർ സെൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വർഷങ്ങളായി ട്രേഡിങ്ങിൽ പരിചയസമ്പന്നനായ വ്യവസായിയാണ് തട്ടിപ്പിനിരയായത്. രണ്ടു വർഷം മുൻപാണ് ഇയാൾ തട്ടിപ്പുകാർ നിയന്ത്രിക്കുന്ന വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. തുടക്കത്തിൽ നിക്ഷേപിച്ച തുകയ്ക്ക് ഇരട്ടി ലാഭം കാണിച്ച് വിശ്വസിപ്പിച്ച ശേഷം, നാലു മാസത്തിനുള്ളിലാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ സമയം നീട്ടിക്കൊണ്ടുപോയി.
ഇതോടെ സംശയം ഉടലെടുക്കുകയും ഒടുവിൽ വെള്ളിയാഴ്ച പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചയുടൻ ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിൽ അറിയിക്കുകയും തുടർ നടപടികൾക്കായി തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ആസ്ഥാനത്തേക്ക് സന്ദേശമെത്തുകയുമായിരുന്നു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വിദേശത്തുള്ള ഒരു അക്കൗണ്ടിലേക്ക് എത്തുന്നത് തടയാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഈ ട്രേഡിങ് ആപ്പ് വിദേശത്തുനിന്നാണ് നിയന്ത്രിക്കുന്നതെന്ന് സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.