ബംഗളൂരു: രാജ്യത്തിന്റെ ഐ.ടി തലസ്ഥാനം സൈബർ തട്ടിപ്പിന്റെയും കേന്ദ്രമാകുന്നു. വൻതോതിലാണ് ബംഗളുരുവിൽ സൈബർ തട്ടിപ്പുകൾ നടക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ബംഗളൂരുവിൽ സൈബർ തട്ടിപ്പുകാർ നഗരവാസികളിൽനിന്ന് തട്ടിയെടുത്തത് 470 കോടിയാണെന്ന് അറിയുമ്പോഴാണ് തട്ടിപ്പിന്റെ ആഴം അറിയുക. ഒരു ദിവസം 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബർ കുറ്റവാളികൾ ബംഗളൂരുവിൽനിന്ന് തട്ടിയെടുക്കുന്നത്.

പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ. ഓൺലൈൻ തൊഴിൽ തട്ടിപ്പ്, ബിറ്റ്‌കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തിൽപെടും. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. 2023 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 20വരെ 12,615 കേസുകളാണ് നഗരത്തിൽ മാത്രം ഉണ്ടായതെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറയുന്നു. ഇത്രയും സംഭവങ്ങളിൽ 28.4 കോടി രൂപ പൊലീസിന് കണ്ടെടുക്കാനായി. 27.6 കോടി രൂപ പരാതിക്കാർക്ക് തിരിച്ചുനൽകാനുമായി.

സൈബർ കുറ്റകൃത്യങ്ങളിൽ ആകെ നഷ്ടപ്പെട്ടതിൽ 201 കോടി രൂപ മരവിപ്പിക്കാനും പൊലീസിനായി. ഇതിലൂടെ ഈ പണം കുറ്റവാളികൾ കൈമാറ്റം ചെയ്യുന്നത് തടയാനായി. ഏറ്റവും കൂടുതൽ പേർ കബളിപ്പിക്കപ്പെടുന്നത് ഓൺലൈൻ തൊഴിൽ തട്ടിപ്പിലാണ്.

ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത് 204 കോടി രൂപയാണ്. വീട്ടിൽ ഇരുന്നുതന്നെ ജോലി ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തൊഴിൽ തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. പിന്നീട് ജോലികൾ ചെയ്യിക്കും. ഇതിന്റെ പ്രതിഫലം ബാങ്കിലൂടെ കൈമാറ്റം ചെയ്യാനായി നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യും. ജോലി കിട്ടാനായി ഫീസ് എന്ന നിലയിൽ വൻതുക വാങ്ങി കബളിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.

ഇത്തരത്തിൽ നഷ്ടപ്പെട്ട തുകയിൽ 73 കോടി രൂപ പൊലീസിന് മരവിപ്പിക്കാനായി. ഏഴു കോടി രൂപ തിരിച്ചുപിടിച്ചു. 7.6 കോടി രൂപ കബളിപ്പിക്കപ്പെട്ടവർക്ക് തിരിച്ചുനൽകി. ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് 277 കേസുകൾ, 19 ബിറ്റ്‌കോയിൻ തട്ടിപ്പ് കേസുകൾ, നഗ്‌നഫോട്ടോകളിലും വിഡിയോകളിലും ഇരകളുടെ ഫോട്ടോകൾ ചേർത്ത് ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ 84 കേസുകളും ഈ കാലയളവിൽ ഉണ്ടായി. ഇത്തരത്തിൽ ആകെ നഷ്ടപ്പെട്ടത് 24.62 കോടി രൂപ. ഇതിൽ 74 ലക്ഷം രൂപ പൊലീസിന് മരവിപ്പിക്കാനായി.

58,20,801 രൂപ പരാതിക്കാർക്ക് തിരിച്ചുനൽകി. ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ കൂടി വരുകയാണെന്നും ബംഗളൂരുവും വ്യത്യസ്തമല്ലെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. പൊലീസ് നിരന്തരം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.