സോളാർ: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 261 പേരെ ലൈംഗികമായി ചൂഷണം ചെയ്ത സെക്സ് ക്രൈം സംഘത്തിന്റെ നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. ടെലഗ്രാം വഴി പ്രവർത്തിച്ചിരുന്ന 'വിജിലന്റ്സ്' എന്ന ക്രിമിനൽ സംഘടനയുടെ തലവനായ 33-കാരനായ കിം നോക്-വാൻ എന്നയാൾക്കാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർ സൈബർ ലൈംഗിക ചൂഷണത്തിന് ഇരയായ കേസാണിത്. 2020 മെയ് മുതൽ 2025 ജനുവരി വരെയുള്ള കാലയളവിലാണ് 'വിജിലന്റ്സ്' ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്.

'പാസ്റ്റർ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന കിം, ക്രിമിനൽ സംഘടന രൂപീകരിക്കുക, ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതും നിയമവിരുദ്ധമായി ചിത്രീകരിച്ചതുമായ ദൃശ്യങ്ങൾ വിതരണം ചെയ്യുക, ഇരകളെ ബലാത്സംഗം ചെയ്യുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലാണ് ശിക്ഷിക്കപ്പെട്ടത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ആളുകളെ കണ്ടെത്തി ടെലിഗ്രാമിലേക്ക് ആകർഷിച്ച ശേഷമാണ് കിം ഇവരെ ബ്ലാക്ക് മെയിൽ ചെയ്തത്. സോഷ്യൽ മീഡിയയിൽ ലൈംഗിക ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്ത സ്ത്രീകളെയും, ഡീപ്ഫേക്ക് ചിത്രങ്ങൾ പങ്കുവെക്കുന്ന രഹസ്യ ടെലിഗ്രാം ചാറ്റ് റൂമുകളിൽ ചേരാൻ ശ്രമിച്ച പുരുഷന്മാരെയും ഇയാൾ ലക്ഷ്യം വെച്ചു.

സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ അശ്ലീല കണ്ടന്റുകൾ നിർമ്മിക്കാൻ നിർബന്ധിക്കുകയും, പുതിയ ഇരകളെ കണ്ടെത്താൻ അവരെ ഉപയോഗിക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിം നേരിട്ട് പീഡിപ്പിച്ചതായും തെളിഞ്ഞു. ശിക്ഷ വിധിച്ച ശേഷം കോടതി, പ്രതിയുടെ ക്രൂരതയും ഇരകൾക്കുണ്ടായ നികത്താനാവാത്ത നഷ്ടവും കണക്കിലെടുക്കുമ്പോൾ ഇയാളെ എന്നേക്കുമായി സമൂഹത്തിൽ നിന്നും അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണെന്ന് നിരീക്ഷിച്ചു.

വിധിക്ക് ശേഷം കുറ്റബോധമുണ്ടെന്ന് കിം പറഞ്ഞെങ്കിലും, കോടതി ഇത് മുഖവിലക്കെടുത്തില്ല. ഈ കേസിന്റെ അന്വേഷണത്തിൽ ദക്ഷിണ കൊറിയൻ പോലീസുമായി ടെലിഗ്രാം സഹകരിച്ചു എന്നത് ശ്രദ്ധേയമാണ്. 2024 ഒക്ടോബറിൽ കൊറിയൻ നാഷണൽ പോലീസ് ഏജൻസി ടെലിഗ്രാമുമായി ഒരു ഔദ്യോഗിക അന്വേഷണ സഹകരണ സംവിധാനം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യത്തെ കേസാണിത്. കിമ്മിന്റെ 10 കൂട്ടാളികൾക്ക് 2 മുതൽ 4 വർഷം വരെ തടവുശിക്ഷ ലഭിച്ചു. സ്വന്തം നഗ്നചിത്രങ്ങൾ പുറത്തുവരാതിരിക്കാൻ വേണ്ടിയാണ് ഇവരിൽ പലരും ചൂഷണത്തിൽ പങ്കാളികളായത്.