- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതെന്ന് കുടുംബം; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ; സ്ഥലത്ത് വൻ പൊലീസ് സന്നാഹം
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെയാണ് കസ്റ്റഡിയിലെടുത്തത്. മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്നുമായിരുന്നു ആരോപണം. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കരിമ്പിൻതോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടികൾ ധരിച്ചിരുന്ന ഷാളിൽതന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ വേറെ മുറിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം പോസ്റ്റുമോർട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ അച്ഛൻ ആരോപിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും മൃതദേഹങ്ങളുമായി നിഘാസൻ റോഡ് ഉപരോധിച്ചു. ഐജി റേഞ്ച് ലക്ഷ്മി സിങ് സംഭവസ്ഥലത്തെത്തി എഫ്ഐആറും രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
''ലഖിംപൂരിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള മരത്തിൽ രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോഗ്രാഫി ചെയ്തുവരികയാണ്. ഇവരുടെ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കും. എല്ലാ വശങ്ങളും പരിശോധിക്കും'- യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു.
സംഭവം സർക്കാരിനെതിരെ ആയുധമാക്കാൻ ഉത്തർപ്രദേശിലെ പ്രതിപക്ഷകക്ഷികൾ ഏറ്റെടുത്തുകഴിഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആഞ്ഞടിച്ചു, ''സ്ത്രീ സുരക്ഷയെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ച യുപി മുഖ്യമന്ത്രി ഇത് അറിയുന്നുണ്ടോ! പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരുടെ മൃതദേഹം ലഖിംപൂർ ഖേരിയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗി സർക്കാരിൽ, ഗുണ്ടകൾ ദിവസവും അമ്മമാരെയും സഹോദരിമാരെയും ഉപദ്രവിക്കുന്നു, ഇത് വളരെ ലജ്ജാകരമാണ്! സർക്കാർ വിഷയം അന്വേഷിക്കണം, കുറ്റവാളികൾ ഏറ്റവും കഠിനമായ ശിക്ഷ ലഭ്യമാക്കണം' - സമാജ് വാദി പാർട്ടി വക്താവ് പറഞ്ഞു.
അതേസമയം, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടിഎംസി) ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ആക്രമണം ശക്തമാക്കി, ''ഞെട്ടിപ്പിക്കുന്ന സംഭവം! യുപിയിൽ രണ്ട് സഹോദരിമാരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറുകയാണ്, ഭരണകൂടത്തിന്റെയും പൊലീസിന്റെയും കാതടപ്പിക്കുന്ന മൗനം കാടത്ത ഭരണത്തിനെതിരെ പോരാടാൻ ആളുകളെ റോഡിലിറക്കാൻ നിർബന്ധിതരാക്കി.
സംഭവത്തിൽ യുപിയിലെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. 'ലഖിംപൂരിൽ (യുപി) രണ്ട് സഹോദരിമാരുടെ കൊലപാതകം ഹൃദയഭേദകമാണ്. പെൺകുട്ടികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പറയുന്നു,' ഹിന്ദിയിൽ ഒരു ട്വീറ്റിൽ അവർ പറഞ്ഞു.
''എല്ലാ ദിവസവും പത്രങ്ങളിലും ടെലിവിഷനുകളിലും തെറ്റായ പരസ്യങ്ങൾ നൽകുന്നത് ക്രമസമാധാനം മെച്ചപ്പെടുത്തുന്നില്ല. എല്ലാത്തിനുമുപരി, എന്തുകൊണ്ടാണ് ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്? സർക്കാർ എപ്പോൾ ഉണരും, ''അവർ ട്വിറ്ററിൽ ഒരു മാധ്യമ റിപ്പോർട്ട് പങ്കിട്ടുകൊണ്ട് ഇങ്ങനെ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ