- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം ക്രിപ്റ്റോ കറൻസിയാക്കാം; യു എസ് ഡോളറിന്റെ മൂല്യത്തിൽ സാധാന കൈമാറ്റം; ഉയർന്ന പ്രഹരശേഷിയുള്ള തോക്കുകളും ഡൈനമൈറ്റും വരെ വാങ്ങാം; ഇത് നിയമത്തിന്റെ കണ്ണുവെട്ടിച്ച് വ്യാപാരം നടത്തുന്ന ഇന്റർനെറ്റിലെ മാഫിയാ ലോകം; ഡാർക് വെബ് കേരളത്തിലും വേരു പിടിച്ചെന്ന് കേന്ദ്ര ഏജൻസികൾ; ഭീകര ഇടപെടലുകളും സംശയത്തിൽ
കൊച്ചി: കേരളത്തിൽ ഭീകരർ ചുവടുറപ്പിക്കാൻ ഇന്റർനെറ്റ് അധോലോകത്തെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ഏജൻസികൾക്ക് സംശയം. സാമ്പത്തിക കുറ്റകൃത്യത്തിന് ഉപരിയുള്ള ലക്ഷ്യങ്ങൾ ഇതിനുണ്ട്. തോക്കുൾപ്പെടെ എന്തും വാങ്ങാവുന്ന ഇടമായി ഡാർക് വെബുകൾ മാറുകയാണെന്നാണ് വിലയിരുത്തൽ. പേരു കേൾക്കുന്ന പോലെ തന്നെ ഇന്റർനെറ്റിന്റെ അധികം ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത മേഖലയാണ് ഡാർക് വെബ്. ആയുധവ്യാപാരം, ലഹരി വ്യാപാരം, അശ്ലീല വ്യാപാരം തുടങ്ങി കുറ്റകരമായ എല്ലാ ഇടപാടുകളും അരങ്ങുവാഴുന്ന ഇടമാണിത്. നിയമത്തിന്റെ കണ്ണുവെട്ടിച്ച് വ്യാപാരം നടത്തുന്ന ഇന്റർനെറ്റിലെ മാഫിയാ ലോകം എന്നു വിശേഷിപ്പിക്കാം.
ഡിജിറ്റൽ ഹവാല ഇടപാടിനൊപ്പം ഇന്റർനെറ്റ് അധോലോകമായ ഡാർക് വെബ് വഴിയുള്ള അനധികൃത വ്യാപാരവും കേരളത്തിൽ വേരുപിടിച്ചതായി കേന്ദ്ര ഇക്കണോമിക്‌സ് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ കള്ളത്തോക്കുള്ളവരുടെ എണ്ണം പെരുകിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന് കാരണവും ഡാർക് വെബ്ബുകളാണ്. ഭീകരർ ഈ സംവിധാനത്തെ സമർദ്ദമായി ഉപയോഗിക്കുന്നുവെന്നും വിലയിരുത്തുന്നു.
ലഹരിമരുന്ന്, ആയുധം, സ്വർണം, പോണോഗ്രഫി, ഓൺലൈൻ ചൂതാട്ടം എന്നിവയ്ക്കു പുറമേ വൻകിട ഫാഷൻ ഉൽപന്നങ്ങളുടെ വിപണനത്തിലും ഡാർക് വെബ് സാധ്യതകൾ മലയാളി തേടുന്നുണ്ട്. ഇതുപയോഗിക്കുന്നവരെ കണ്ടെത്താനാണ് ഏജൻസികളുടെ ശ്രമം. ഡാർക് വെബിൽ മാത്രം ലഭിക്കുന്ന സിനിമകളും പുസ്തകങ്ങളും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. കോടികളുടെ നികുതിവെട്ടിപ്പിനു പുറമേ നിരോധിത ഉൽപന്നങ്ങളുടെ ലഭ്യതയും ഇതോടെ വർധിച്ചു. ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ നിയന്ത്രണം വന്നതോടെയാണ് ഡാർക് വെബ്ബ് പിടിമുറുക്കിയത്.
എന്നാൽ വ്യാപാരത്തിന് അപ്പുറമുള്ള തീവ്രവാദ ഇടപെടലുകളുടെ കേന്ദ്രമായി അതുമാറി. ഭീകര സംഘടനകൾ പണമുണ്ടാക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആയുധവിൽപനശാലകളിൽ നിന്നല്ല തോക്കുകളുടെ വിൽപന നടക്കുന്നത്. ഉയർന്ന പ്രഹരശേഷിയുള്ള തോക്കുകളും ഡൈനമൈറ്റും ഡാർക് വെബിൽ വിൽപനയ്ക്കുണ്ട്. കള്ളപ്പണം ക്രിപ്‌റ്റോ കറൻസിയാക്കി കൈമാറാനും അവസരമുണ്ട്. ഡിജിറ്റൽ പണം ഉപയോഗിച്ചുള്ള ഡാർക് വെബ് ഇടപാടുകൾക്ക് പിന്നിൽ ക്രിപ്‌റ്റോ കറൻസിയാണ്.
ലോകത്ത് എവിടെയും അതതു ദിവസത്തെ യുഎസ് ഡോളറിന്റെ മൂല്യത്തിൽ കൈമാറ്റം സാധ്യമാക്കുന്ന 'യുഎസ്ഡിടി' ക്രിപ്‌റ്റോ കറൻസി വഴിയുള്ള വിനിമയമാണു ഡിജിറ്റൽ ഹവാല റാക്കറ്റ് പ്രോത്സാഹിപ്പിക്കുന്നത്. യുഎസ് ഡോളറിനു തുല്യമായ മൂല്യം ഓരോ ദിവസവും ഉറപ്പാക്കുന്നതാണു യുഎസ്ഡിടിയുടെ സ്വീകാര്യതയ്ക്കു കാരണം. കേരളത്തിനു പുറമേ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഡിജിറ്റൽ ഹവാല റാക്കറ്റിന്റെ സാന്നിധ്യമുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ചില പ്രത്യേക സെർച്ച് എഞ്ചിൻ വഴി മാത്രമേ ഇന്റർനെറ്റിലെ ഈ അധോലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴിയാണ് ഡാർക് വെബിൽ ആശയവിനിമയം സാധ്യമാകുന്നത്. ഇന്റർനെറ്റിൽ സാധാരണ ബ്രൗസ് ചെയ്താൽ ഉപരിതല വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. എന്നാൽ ഡാർക് വെബ് അങ്ങനെയല്ല. ആയുധവ്യാപാരം, ലഹരിക്കടത്ത്, കള്ളനോട്ട്, അവയവദാനം, അശ്ലീലം, ഭീകരത തുടങ്ങി മാഫിയയുടെ വൻലോകം തന്നെ അതിന് അകത്തുണ്ട്.
2006 മുതൽ മാത്രമാണ് ഡാർക് വെബ് വഴിയുള്ള ഇ കൊമേഴ്സ് വ്യാപാരം സജീവമാകുന്നത്. അതിനു മുമ്പ് കഞ്ചാവു പോലുള്ള ലഹരിവസ്തുക്കൾ വാങ്ങാനായി യുഎസിൽ ഇത്തരത്തിലുള്ള വെബ് ഗ്രൂപ്പുകൾ സജീവമായിരുന്നു. 1980ൽ ആൾട്ട് ഡോട് ഡ്രഗ്സ് പോലുള്ള വെബ്സൈറ്റുകളും സജീവമായിരുന്നു. എന്നാൽ 1990കളിൽ വേൾഡ് വൈബ് വഴിയുള്ള ഇ കൊമേഴ്സ് വ്യാപാരം വളർച്ച പ്രാപിച്ചതോടെ സാധ്യതകളുടെ മറ്റൊരു ലോകം തുറന്നുവരികയായിരുന്നു.
ഐപി അഡ്രസും ഉപഭോക്താവിന്റെ ലൊക്കേഷനും മറച്ചുവക്കുന്നതുകൊണ്ട് ഡാർക് വെബിലേക്ക് കയറുന്നത് ആരാണെന്നും കണ്ടെത്താനാകില്ല. ലൊക്കേഷൻ ലഭിക്കാത്തതു കൊണ്ടു തന്നെ ഏതു രാഷ്ട്രത്തിൽനിന്നാണ് ഉപഭോക്താവ് ഡാർക് വെബിൽ എത്തുന്നത് എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. ഡിജിറ്റൽ ഡാർക് മാർക്കറ്റ് ഏതു രാജ്യത്തു നിന്നാണ് ഹോസ്റ്റ് ചെയ്തത് എന്നതും അറിയാനാകില്ല. നിരവധി രാഷ്ട്രങ്ങളിൽനിന്ന് ഡാർക് വെബ് വഴി ഇന്ത്യയിലേക്ക് സാധനങ്ങൾ വരുന്നുണ്ട്.
ഇ-കൊമേഴ്സ് വ്യാപാരത്തിന് സാധാരണ കറൻസികളാണ് ഉപയോഗിക്കുന്നത് എങ്കിൽ ഡാർക് വെബിൽ അത് ക്രിപ്റ്റോകറൻസിയാണ്. ബിറ്റ്കോയിനാണ് അതിൽ പ്രധാനപ്പെട്ടത്. ലൈറ്റ് കോയിൻ, നെയിംകോയിൻ, ഗ്രിഡ് കോയിൻ, റിപ്പിൾ, ബിറ്റ്ക്ലൗട്ട്, ടെതർ, നാനോ തുടങ്ങി നിരവധി ക്രിപ്റ്റോ കറൻസികളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ