കൊച്ചി: ഡാര്‍ക് വെബ് വഴിയുള്ള ലഹരിവസ്തുക്കളുടെ വില്‍പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും ലഹരിക്കച്ചവടക്കാര്‍ തുടങ്ങി. എഡിസന്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് ഡാര്‍ക്ക് വെബ്ബ് വീണ്ടും കരുതലടെുക്കുന്നന്നത്. ഡാര്‍ക് വെബിലെ ചാറ്റ് പോര്‍ട്ടലായ 'ഡ്രെഡ്' ഫോറത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ലഹരിവില്‍പന തടയാനുള്ള ശ്രമങ്ങള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ശക്തമാക്കിയതോടെയാണു ഡ്രഗ് കാര്‍ട്ടലുകളുടെ ഈ നീക്കം. മൂവാറ്റുപുഴ സ്വദേശിയും ഡാര്‍ക് വെബിലെ ലഹരി ഏജന്റുമായ എഡിസന്‍ ബാബുവിനെ എന്‍സിബി അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്ന ഉടന്‍ 'ഡ്രെഡ്' ഫോറത്തില്‍ ഈ വാര്‍ത്ത പങ്കുവച്ച് എല്ലാവരും ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം വന്നു.

ഡാര്‍ക് വെബില്‍നിന്നു ലഹരിഅടക്കമുള്ള നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ അവയുടെ വില്‍പനക്കാര്‍ പിടിക്കപ്പെട്ടാല്‍ ചെയ്യേണ്ട ആദ്യകാര്യം അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ (ഡിജിറ്റല്‍ ഫുട്പ്രിന്റ്) മായ്ക്കുകയാണെന്നും അത് എങ്ങനെയാണു ചെയ്യേണ്ടതെന്നുമുള്ള സാങ്കേതിക നിര്‍ദേശങ്ങള്‍ ഇടപാടുകാര്‍ക്ക് 'ഡ്രെഡ്'ഫോറത്തിലൂടെ നല്‍കിയിട്ടുണ്ട്.

ഇത്തരം പരിശീലനം നല്‍കിയ ഐഡികളുടെ അടുത്തനീക്കങ്ങള്‍ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഉറവിടങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തുടങ്ങി.

വ്യവസ്ഥാപിത സമൂഹമാധ്യമ ലോകത്തെ 'റെഡിറ്റ്' പ്ലാറ്റ്‌ഫോമിനു സമാനമായ ഡാര്‍ക് വെബ് ചര്‍ച്ചാ വേദിയാണ് 'ഡ്രെഡ്'. സ്വയം വെളിപ്പെടുത്താതെ വ്യാജപേരില്‍ നിയമവിരുദ്ധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ഇത്തരം കണ്ടന്റുകള്‍ ഇവിടെ പങ്കുവയ്ക്കുന്നതിനും നിയന്ത്രണമില്ലാത്തതിനാല്‍ ഇത്തരം താല്‍പര്യങ്ങളുള്ളവര്‍ ഇവിടെ ഒത്തുചേരാറുണ്ട്.

അതേസമയം ഡാര്‍ക് വെബ് വഴി വന്‍തോതില്‍ ലഹരിപദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്ന കാര്‍ട്ടലുകള്‍, രാജ്യത്തെ നഷ്ടത്തിലായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ പാട്ടിലാക്കി ലഹരിമരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണട്്.

ലഹരി കാര്‍ട്ടല്‍ ഇന്ത്യയില്‍ നിന്നു ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച ഒരു ദശലക്ഷം വേദനാസംഹാരി ഗുളികകള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി യുഎസ് ഫെഡറല്‍ ഏജന്‍സിയായ ദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതായി സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു.

രാസനിര്‍മിത വേദനാസംഹാരികളായ 'ട്രമഡോള്‍' ' ഫെന്റാനില്‍' തുടങ്ങിയ മരുന്നുകളാണു കള്ളക്കടത്തു നടത്തുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ലഹരി കാര്‍ട്ടലുകളുടെ പ്രേരണയ്ക്കു വഴങ്ങി ഇത്തരം മരുന്നുകള്‍ 'റീബ്രാന്‍ഡ്' ചെയ്തു നിര്‍മിച്ചു നല്‍കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം.

കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാലു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. എന്‍സിബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബു 'കെറ്റമെലോണ്‍' എന്ന പ്രൊഫൈലില്‍ ഡാര്‍ക് വെബ്ബില്‍ ഇത്തരം വേദനസംഹാരികളായ മരുന്നുകളും വിറ്റഴിച്ചതായാണു പ്രാഥമിക വിവരം.

കൊച്ചിയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 'ട്രമഡോള്‍' വന്‍തോതില്‍ വിറ്റുപോകുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു വര്‍ഷം മുന്‍പ് പരിശോധന നടത്തിയിരുന്നു. അന്നു കണ്ടെത്തിയ രേഖകള്‍ പ്രകാരം മൂന്നു മാസങ്ങള്‍ക്കിടയില്‍ ഈ മെഡിക്കല്‍ സ്റ്റോറില്‍ മാത്രം 20,910 'ട്രമഡോള്‍' ഗുളികകള്‍ വാങ്ങിയതായും ഇതില്‍ 18,535 ഗുളികകള്‍ മൂന്നു മാസത്തിനുള്ളില്‍ വിറ്റുപോയതായും കണ്ടെത്തി.

ഇതില്‍ 2758 ഗുളികകള്‍ വിറ്റതു ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ്. ഇവര്‍ക്ക് വന്‍തോതില്‍ ഈ ഗുളികകള്‍ നല്‍കിയ ഫാര്‍മ കമ്പനികളിലേക്ക് അന്ന് അന്വേഷണം നീണ്ടില്ല. അതിനിടെ കെറ്റാമെലോണിന്റെ വീഴ്ച്ചയില്‍ പുതിയ ലഹരി ഡോണുകള്‍ പിറവി കൊണ്ടേക്കാം. അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. അത്തരം ലഹരിവില്‍പ്പനക്കാരെ സ്‌പോട്ട് ചെയ്യാന്‍ എന്‍സിബിയും തയ്യാറെടുക്കുകയാണ്.