കൊച്ചി: ഡാര്‍ക്ക്‌നെറ്റില്‍ മലയാളികള്‍ സജീവം. മൂവാറ്റുപുഴ സ്വദേശിയുടെ ലഹരി ഇടപാടുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഡാര്‍ക്ക്‌നെറ്റ് സേവനങ്ങളെ ആശ്രയിക്കുന്ന മലയാളികളെ കണ്ടെത്താനും അന്വേഷണം സജീവമായി. ഡാര്‍ക്‌നെറ്റില്‍ മലയാളികളുടെ എണ്ണവും ഇടപെടലും വര്‍ധിക്കുന്നതായി വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരും ഗൗരവത്തില്‍ എടുക്കും. ഡാര്‍ക്‌നെറ്റ് അധോലോകമായി മാറുന്നുവെന്നാണ് വിലയിരുത്തല്‍.

ലഹരി ഇടപാടുകള്‍ക്കാണ് ഭൂരിഭാഗം പേരും ഡാര്‍ക്ക് നെറ്റിനെ ആശ്രയിക്കുന്നത്. വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നു. പല സിനിമാ താരങ്ങളും ലഹരി ഇടപാടിന് ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. കൊച്ചിയിലെ ലഹരി മാഫിയ സംശയത്തിലും നിരീക്ഷണത്തിലും ആയതോടെയാണ് ഇത്. വാട്‌സാപ്പ് വഴിയുള്ള ആശയ കൈമാറ്റം പോലും തെളിവായി മാറുന്നു. ഈ സാഹചര്യത്തിലാണ് വിഐപികള്‍ അടക്കം ഡാര്‍ക് നെറ്റില്‍ ലഹരി വ്യാപാരം തുടങ്ങുന്നത്. ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രം, മോഷ്ടിച്ച ഡാറ്റ, ആയുധം എന്നിവയുടെ വില്‍പ്പനയും ഡാര്‍ക്ക്‌നെറ്റ് വഴി നടക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍. വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടാത്തതിനാല്‍ അന്വേഷണം പ്രയോഗികമായി ലക്ഷ്യത്തിലെത്തുക ബുദ്ധിമുട്ടാണ്.

എഡിസണ്‍ മുഖ്യപ്രതിയായ കേസിലും എന്‍സിബി ഇതേ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികളില്‍നിന്നു പരമാവധി വിവരങ്ങള്‍ തേടി മുന്നോട്ടു പോകാനാണ് നീക്കം. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. എഡിസണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ജില്ലയിലടക്കം നിരവധിപേരെ നിരീക്ഷിച്ചുവരികയാണ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ലാപ്ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. ഇടപാടുകളില്‍ ഉള്‍പ്പെട്ടിരുന്നവരെക്കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഒളിവില്‍ പോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖലയായിരുന്നു മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന്‍ മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്‍ നേതൃത്വം നല്‍കിയിരുന്ന കെറ്റാമെലോണ്‍. ഡാര്‍ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിന് മയക്കുമരുന്ന് വാങ്ങിയിരുന്ന എഡിസണ്‍ പിന്നീട് കെറ്റാമെലോണ്‍ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു. നാലുമാസം നീണ്ട 'മെലോണ്‍' ദൗത്യത്തിനൊടുവിലാണ് എന്‍സിബി കൊച്ചി യൂണിറ്റ് കെറ്റാമെലോണ്‍ ശൃംഖല തകര്‍ത്തതും എഡിസനെ പിടിച്ചതും. വീട്ടിലെ പരിശോധനയില്‍ 1127 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്ക്കുതുല്യമായ ക്രിപ്റ്റോ കറന്‍സിയും പിടിച്ചു.

ഇടപാടിന് ഉപയോഗിച്ചിരുന്ന പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡാര്‍ക്ക്നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന കൈറ്റ്സ് ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങിയ പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. ഇവയും പരിശോധിക്കുകയാണ്. ഡാര്‍ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് എഡിസണ്‍ ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് 'കെറ്റാമെലോണ്‍' എന്ന പേരില്‍ ലഹരി ഇടപാട് ശൃംഖല ഒരുക്കുകയായിരുന്നു. പാഴ്സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണ് പോയിരുന്നത്. ഇത് വീട്ടില്‍ എത്തിച്ച്, ബന്ധപ്പെടുന്നവര്‍ക്ക് പാഴ്സലില്‍ അയക്കുകയായിരുന്നു പതിവ്. എല്‍എസ്ഡി വിദേശത്തുനിന്ന് എത്തിക്കുമ്പോള്‍ കെറ്റമിന്‍ ഇന്ത്യയില്‍നിന്നുതന്നെയാണ് എഡിസണ്‍ വാങ്ങിയത്.

2023-ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. ഇതിനുശേഷമാണ് സാംബഡ ബന്ധം പുലര്‍ത്തിയിരുന്ന ലഹരി കേന്ദ്രങ്ങളുമായി എഡിസണ്‍ ബന്ധം സ്ഥാപിച്ചത്. ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസില്‍ ഇടുക്കി പീരുമേടിനുസമീപം പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമയായ ഡിയോണ്‍, ഭാര്യ അഞ്ജു എന്നിവരും അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കെറ്റമെലോണ്‍ ഡാര്‍ക്ക്നെറ്റ് ശൃംഖലയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍സിബി പറയുന്നു. വിദേശത്തുനിന്നെത്തിക്കുന്ന കെറ്റമിന്‍, ദമ്പതിമാര്‍ ചില്ലറയാക്കി ഓസ്‌ട്രേലിയയിലേക്ക് അയച്ചു വരുകയാണെന്നാണ് പ്രാഥമികവിവരം. രണ്ടുവര്‍ഷമായി ഇടപാടുണ്ട്. അതിനിടെ, പിടിയിലായ എഡിസണും സഹായി അരുണും ഡിയോണും സഹപാഠികളാണെന്നും അറിയുന്നു. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികള്‍ എഡിസണ്‍ റിസോട്ടുള്‍പ്പെടെയുള്ള ബിസിനസ്സിലേക്ക് മാറ്റിയതായും സംശയിക്കുന്നുണ്ട്.

ഡാര്‍ക്ക്‌നെറ്റിലൂടെയുള്ള നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ആഗോള വ്യാപകമായി ഏറ്റവുമധികം ഉപയോഗിക്കുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് മൊണേറോ. ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചാണ് എഡിസണ്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും മറയ്ക്കും. 27,671.18 രൂപയാണ് ഒരു മൊണേറോയുടെ ഇപ്പോഴത്തെ മൂല്യം.