ഇരിക്കൂര്‍: കല്യാട്ടെ ഗള്‍ഫുകാരനായ സുഭാഷിന്റെ ഭാര്യ ദര്‍ഷിതയെ പ്രതി സിദ്ധരാജു കൊലപ്പെടുത്തിയത് ആസൂത്രിതമായി. സാലിഗ്രാമയിലെ ബിലികെരെ ലോഡ്ജില്‍ മുറിയെടുത്ത സിദ്ധരാജു കൊലപാതകത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ സ്ഥിരീകരിച്ചു.

വര്‍ഷങ്ങളായി ദര്‍ശിതയും സിദ്ധരാജുവും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളും അതിനിടെ സിദ്ധരാജുവിനെ ഒഴിവാക്കാന്‍ ദര്‍ശിത ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ദര്‍ശിതയുടെ കൈകാലുകള്‍ കെട്ടി, വായില്‍ ഡിറ്റനേറ്റര്‍ തിരുകി, മൊബൈല്‍ ചാര്‍ജറിലെ വയര്‍ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ച് പൊട്ടിത്തെറിപ്പിച്ചാണ് കൊല നടത്തിയത്. സിദ്ധരാജുവിന്റെ നാടായ പെരിയപട്ടണയിലെ ക്വാറികളില്‍ നിന്നാണ് സ്‌ഫോടന വസ്തുക്കള്‍ സംഘടിപ്പിച്ചത്. അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ഇയാള്‍ക്ക് അറിയാമായിരന്നുവെന്ന് ഇന്‍സ്്‌പെക്ടര്‍ ശശികുമാര്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സിദ്ധരാജു, തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. വാതില്‍ തുറന്നപ്പോഴാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സിദ്ധരാജു പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകം നടത്തിയ ശേഷം മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ലോക്ക് തകരാറുള്ള റൂം ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാര്‍ നല്‍കിയ വിവരം. റൂം കാണാന്‍ എന്ന പേരില്‍ ആദ്യം റൂമിലെത്തിയ സിദ്ധരാജു മൊബൈല്‍ ചാര്‍ജറിന്റെ അഗ്രഭാഗം മുറിച്ചു മാറ്റി ഡിറ്റനേറ്റര്‍ ഘടിപ്പിക്കുകയും ചാര്‍ജര്‍ പ്ലഗില്‍ കുത്തിവെക്കുകയും ചെയ്തു.

പിന്നീട് ദര്‍ഷിത മുറിയിലേക്കെത്തിയതോടെ കൈകാലുകള്‍ ബന്ധിച്ച് ഡിറ്റനേറ്റര്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. സ്വിച്ച് ഓണ്‍ ചെയ്തതോടെ ഇത് പൊട്ടിത്തെറിച്ചു. റൂമിലെത്തി നാലുമിനുട്ട് സമയം കൊണ്ട് പ്രതി കൃത്യം നിര്‍വ്വഹിച്ചു. പിന്നാലെ ശരീരത്തിലെ രക്തക്കറ കഴുകി കളഞ്ഞ ശേഷം ഭക്ഷണം വാങ്ങാന്‍ എന്ന പേരില്‍ പുറത്തു പോയി മദ്യപിച്ച് തിരിച്ചു വന്നത് ദര്‍ഷിതക്കുള്ള ഭക്ഷണവുമായായിരുന്നു.

തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചതോടെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ മരിച്ചുകിടക്കുന്ന ദര്‍ഷിതയെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

അതേസമയം, മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നും സിദ്ധരാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദര്‍ഷിതയില്‍ നിന്നും 80,000 രൂപയാണ് ഇയാള്‍ കടമായി വാങ്ങിയിരുന്നത്.

ദര്‍ശിതയുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട 30 പവനും നാലു ലക്ഷം രൂപയും സംബന്ധിച്ച വിവരങ്ങളൊന്നും സിദ്ധരാജുവില്‍ നിന്ന് ലഭിച്ചിട്ടില്ല. മോഷണവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു. ഭര്‍ത്താവുമൊത്ത് ഗള്‍ഫിലേക്ക് പോകാനൊരുങ്ങുകയായിരുന്ന ദര്‍ശിതയെ സിദ്ധരാജു മോഷണത്തിന് നിര്‍ബന്ധിച്ചതായും സംശയമുണ്ട്.

ദര്‍ഷിതയെ സിദ്ധരാജു മോഷണത്തിന് നിര്‍ബന്ധിച്ചു?

ദര്‍ഷിതയുടെ സുഹൃത്ത് സിദ്ധരാജുവിന് എതിരെ ആരോപണവുമായി ഭര്‍ത്താവിന്റെ കുടുംബം. സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. വീട്ടില്‍ നിന്ന് മൂന്ന് ബാഗുമായാണ് ദര്‍ഷിത പോയത്. എന്നാല്‍ ഹൊന്‍സൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗ് മാത്രമാണ്. മോഷണ വിവരം അറിഞ്ഞപ്പോള്‍ തിരിച്ചുവരുന്നതായി ദര്‍ഷിത പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്നും ഭര്‍തൃ സഹോദരന്‍ സൂരജ് പറഞ്ഞു. ദര്‍ഷിതയുടെ പെരുമാറ്റത്തില്‍ കുറച്ചുനാളായി മാറ്റം പ്രകടമായിരുന്നുവെന്നും കുടുംബം പറയുന്നു.

വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പുരുഷന്‍

അതേസമയം കാണാതായ സ്വര്‍ണവും പണവും സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മരുമകള്‍ സ്വര്‍ണവും പണവുമായി കടന്നുകളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭര്‍ത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയ വിവരം അറിയുന്നത്.

വീടുപൂട്ടി പോയത് ദര്‍ഷിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ഷിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദര്‍ഷിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു. ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

ദര്‍ഷിതയുടെ സംസ്‌കാരം കര്‍ണാടകയിലാകും നടക്കുക. ഹാര്‍ഡ്വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ഷിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്.

കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. നല്‍കിയ പണം തിരികെ വേണമെന്ന് ദര്‍ഷിത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്.