ഇരിക്കൂര്‍: കല്യാട്ടെ ഗള്‍ഫുകാരനായ സുഭാഷിന്റെ ഭാര്യ ദര്‍ഷിതയെ സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായയെന്ന് റിപ്പോര്‍ട്ടുകള്‍. ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരിക്കൂര്‍ കല്യാട്ടെ സുഭാഷിന്റെ അമ്മ സുമലതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാലു ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകള്‍ ദര്‍ഷിതയെയും കാണാതായിരുന്നു. ഞായറാഴ്ച്ചയാണ ഇവരെ കര്‍ണാടകയിലുള്ള സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിക്രൂരമായിട്ടാണ് 22 കാരന്‍ സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൊബൈല്‍ ചാര്‍ജറില്‍ ഘടിപ്പിച്ച ഡിറ്റനേറ്റര്‍ വായില്‍ കെട്ടിവെച്ച് പൊട്ടിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം. ഏറെ നാളായി സൗഹൃദം പുലര്‍ത്തിയിരുന്ന ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിനൊപ്പം ദര്‍ഷിത വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചിരുന്നു.

മോഷണ ദിവസമായിരുന്നു ദര്‍ഷിതയും മകളും വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നത്. പിന്നീട് മകളെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ദര്‍ഷിത സാലിഗ്രാമിലെ സിദ്ധരാജു എടുത്തിരുന്ന ലോഡ്ജിലേക്ക് എത്തുകയായിരുന്നു. ഇരുവരുംതമ്മില്‍ അവിടെവെച്ച് തര്‍ക്കങ്ങള്‍ ഉണ്ടായി. ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ ജോലിചെയ്തിരുന്ന സിദ്ധരാജു അവിടെയുണ്ടായിരുന്ന വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കുന്നുണ്ട്.

ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കാണാതായ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കണ്ടെത്താനായിട്ടില്ല. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിന് പിന്നില്‍ മരുമകളായ ദര്‍ഷിത ആണെന്നാണ് പോലീസ് നിഗമനം. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണവും പണവും ദര്‍ഷിത എടുത്തത്.

പണം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത സിദ്ധരാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മോഷണശ്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം കാണാതായ സ്വര്‍ണവും പണവും സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മരുമകള്‍ സ്വര്‍ണവും പണവുമായി കടന്നുകളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭര്‍ത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയവിവരം അറിയുന്നത്.

വീടുപൂട്ടി പോയത് ദര്‍ഷിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ഷിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദര്‍ഷിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു.

ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ദര്‍ഷിതയുടെ സംസ്‌കാരം കര്‍ണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. ഹാര്‍ഡ്വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ഷിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.

നല്‍കിയ പണം തിരികെ വേണമെന്ന് ദര്‍ഷിത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ ദര്‍ഷിതയുടെ വായില്‍ തിരുകി വൈദ്യുതിയുമായി ബന്ധപ്പെടുത്തി പൊട്ടിച്ചാണ് സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയത്. തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.