കണ്ണൂര്‍: കണ്ണൂരിലെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണവും പണവും ഇനിയും കണ്ടെത്താന്‍ കഴിയാതെ പോലീസ്. കര്‍ണാടകയില്‍ ഡിറ്റനേറ്റര്‍ പൊട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. കൊല്ലപ്പെട്ട ദര്‍ശിത (22) സ്വന്തം വീടിന് സമീപത്തെ പൂജാരിക്ക് രണ്ടുലക്ഷം രൂപ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തി. കര്‍ണാടക ഹുന്‍സൂരിലെ പൂജാരിയുടെ വീട്ടില്‍ നിന്ന് ഈ പണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

ഭാവിയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കാന്‍ വീട്ടില്‍ പൂജ നടത്താനാണ് രണ്ടുലക്ഷം രൂപ പൂജാരിക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുഭാഷിന്റെ ഭാര്യ ദര്‍ശിത കല്യാട്ടെ ഭര്‍തൃവീട്ടില്‍നിന്ന് രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം ഹുന്‍സൂരിലെ സ്വന്തം വീട്ടിലേക്ക് പോയത്. അന്നുതന്നെ കല്യാട്ടെ വീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും മോഷണം പോയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ ദര്‍ശിത ശനിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി ജനാര്‍ദനയെ കണ്ട് രണ്ടുലക്ഷം രൂപ ഏല്‍പ്പിച്ചത്. യുവതിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് അന്വേഷണ സംഘത്തോട് ജനാര്‍ദന സമ്മതിച്ചിട്ടുണ്ട്. കവര്‍ച്ചയും കൊലപാതകവുമായി ജനാര്‍ദനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന.

പൂജാരിയെ പണം ഏല്‍പ്പിച്ചശേഷം ദര്‍ശിത സുഹൃത്ത് സിദ്ധരാജുവിനൊപ്പം പോയത്. അന്നു വൈകീട്ടാണ് സാലിഗ്രാമിലെ ലോഡ്ജ്മുറിയില്‍ ദര്‍ശിതയെ കൈകള്‍ കെട്ടിയിട്ട് വായില്‍ ഡിറ്റനേറ്റര്‍ കുത്തിത്തിരുകി പൊട്ടിച്ച് സിദ്ധരാജു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ദര്‍ശിത നാട്ടില്‍നിന്ന് വന്ന ദിവസം രണ്ടുലക്ഷം രൂപ നല്‍കിയതായി നേരത്തേ സിദ്ധരാജുവും പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍, കല്യാട്ടുനിന്ന് മോഷണം പോയ പണമാണോ സിദ്ധരാജുവിനും പൂജാരിക്കും നല്‍കിയതെന്നതിനെക്കുറിച്ച് വ്യക്തത വരാനുണ്ട്.

കഴിഞ്ഞ വെളളിയാഴ്ച്ച കണ്ണൂര്‍ കല്യാട്ടെ ദര്‍ശിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു 30 പവന്‍ സ്വര്‍ണവും നാലുലക്ഷം പണവും മോഷണം പോയിരുന്നു. അന്നേ ദിവസം ദര്‍ശിത മകളുമൊത്ത് തന്റെ കര്‍ണാടകയിലുളള വീട്ടിലേക്ക് പോയതായിരുന്നു. സ്വര്‍ണം നഷ്ടമായ വിവരം അറിഞ്ഞതിനു പിന്നാലെ പൊലീസ് ദര്‍ശിതയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദര്‍ശിത മകളെ വീട്ടിലാക്കി കര്‍ണാടക സ്വദേശിക്കൊപ്പം പോയി എന്ന വിവരം പൊലീസിന് പിന്നീട് ലഭിച്ചു. അതിനുപിന്നാലെയാണ് യുവതിയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായിരുന്നു. മുറിയില്‍ രക്തം തളംകെട്ടി കിടക്കുകയായിരുന്നു.

സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സിദ്ധരാജു ദര്‍ശിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് കര്‍ണാടക പൊലീസിന് അറസ്റ്റിലായ യുവാവ് നല്‍കിയ മൊഴി. രാവിലെ ഒന്നിച്ച് അമ്പലത്തില്‍ പോയിരുന്നെന്നും അതിനുശേഷമാണ് ലോഡ്ജില്‍ മുറിയെടുത്തത്, പിന്നീട് ഭക്ഷണം വാങ്ങാന്‍ താന്‍ പുറത്തുപോയി.

തിരികെ വന്നപ്പോള്‍ ദര്‍ശിത മുറി തുറന്നില്ലെന്നും ലോഡ്ജ് ജീവനക്കാരെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ദര്‍ശിതയെ മരിച്ച നിലയില്‍ കണ്ടതെന്നുമായിരുന്നു യുവാവിന്റെ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

30 പവന്‍ സ്വര്‍ണം ഇനിയും കണ്ടെത്താന്‍ സാധിക്കാത് പശ്ചാത്തലത്തില്‍ സിദ്ധരാജുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്. കുറച്ചുകൂടി തെളിവുകള്‍ ശേഖരിച്ചശേഷം സിദ്ധരാജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി മൈസൂരു കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇവിടത്തെ അന്വേഷണസംഘത്തിന്റെ തീരുമാനം. കൊലക്കേസില്‍ സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്ത പ്രതി സിദ്ധരാജു റിമാന്‍ഡിലാണ്.