ഡൽഹി: ഡേറ്റിങ് ആപ്പുകളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ കേസിൽ വിദേശ പൗരൻ അറസ്റ്റിൽ. യുഗാണ്ടൻ പൗരനായ മൈക്കൽ ഇഗയെ (38) ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയിൽ നിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. വീസ രേഖകളില്ലാതെ ബുറാഡി മേഖലയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു മൈക്കൽ ഇഗ.

സ്വന്തം കാമുകിയുടെ ചിത്രം ഉപയോഗിച്ച് ഡേറ്റിങ് ആപ്പിൽ ഒരു യുവതിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പുകൾ നടത്തിയിരുന്നത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഇയാളുടെ രീതി. പിന്നീട്, അസമിൽ നിന്ന് ലഭിക്കുന്ന അപൂർവ എണ്ണകൾ വാങ്ങി വിൽക്കുന്ന ലാഭകരമായ ഒരു ബിസിനസ് ആശയമുണ്ടെന്ന് വിശ്വസിപ്പിച്ച് ഇരകളിൽ നിന്ന് പണം തട്ടിയെടുത്തു.

2025 ഫെബ്രുവരിയിലാണ് തട്ടിപ്പിനിരയായ ആൾ ഡൽഹി പോലീസിൽ പരാതി നൽകി. കേസ് പിന്നീട് സൈബർ സ്റ്റേഷൻ (സൗത്ത് വെസ്റ്റ്) 2025 സെപ്റ്റംബറിൽ കൈമാറി. ഇഗ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുമായി ബന്ധപ്പെട്ട ഇ-മെയിൽ ഐഡി കണ്ടെത്തുകയും അതിലൂടെ ഇയാൾ ഉപയോഗിച്ച ഉപകരണങ്ങൾ ട്രാക്ക് ചെയ്യുകയും ചെയ്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. ഒടുവിൽ മെഹ്റൗളിയിലേക്ക് അന്വേഷണം നീണ്ടു. 2025 ഒക്ടോബറിൽ മെഹ്റൗളിയിലെ കെട്ടിടത്തിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഡൽഹി-എൻസിആറിലായി 200-ലധികം അപ്പാർട്ട്‌മെന്റുകളിൽ വീണ്ടും റെയ്ഡുകൾ നടത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ബുരാരിയിൽ വെച്ച് ഇഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

മൈക്കൽ ഇഗയുടെ പക്കൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ്, ആറ് ഡെബിറ്റ് കാർഡുകൾ, 22,500 രൂപ എന്നിവ പോലീസ് കണ്ടെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള കുറഞ്ഞത് 14 സൈബർ തട്ടിപ്പ് പരാതികളിൽ ഇയാൾക്ക് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

"കിഷൻഗഢ് നിവാസിയായ പരാതിക്കാരൻ ഒരു ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ഒരു സൗന്ദര്യവർധക ഉത്പന്ന കമ്പനിയിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് യുവതി ഇയാളുടെ വിശ്വാസം നേടി. തുടർന്ന്, അസമിൽ നിന്നുള്ള 'അപൂർവ എണ്ണ'കൾ ഉയർന്ന ലാഭത്തിൽ വാങ്ങി മറിച്ചുവിൽക്കുന്ന ഒരു ലാഭകരമായ ബിസിനസ് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു," ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയൽ അറിയിച്ചു.