- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവിനെ ബി എം ഡബ്ല്യു കാറിടിച്ച് കയറ്റി കൊന്ന് രാജ്യസഭാ എംപിയുടെ മകൾ
ചെന്നൈ: പൂണെ പോർഷെ കൊലപാതകം ഒരുമാസം പിന്നിടും മുമ്പേ ചെന്നൈയിൽ സമാനസംഭവം. തെരുവിലെ നടപ്പാതയിൽ ഉറങ്ങി കിടന്ന യുവാവിന്റെ ദേഹത്ത് ബി എം ഡബ്ല്യു കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം കിട്ടി. ഗുരുതര പരിക്കേറ്റാണ് യുവാവ് മരണമടഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിന്റെ മകൾ മാധുരിയാണ് പെൺസുഹൃത്തിനൊപ്പം ബിഎംഡബ്ല്യു നടപ്പാതയിലേക്ക് ഓടിച്ചുകയറ്റിയത്. ചെന്നൈയിലെ ബസന്ത് നഗറിൽ നടപ്പാതയിൽ ഉറങ്ങി കിടന്ന സൂര്യ എന്ന 24 കാരനായ പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഇയാൾ മദ്യലഹരിയിൽ നടപ്പാതയിൽ കിടന്നുറങ്ങുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപകടം നടന്നതിന് പിന്നാലെ മാധുരി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. മാധുരിയുടെ പെൺസുഹൃത്ത് അവിടെ ഓടിക്കൂടിയ നാട്ടുകാരുമായി തർക്കിച്ചു. അവർ അധികം വൈകാതെ സ്ഥലം വിടുകയും ചെയ്തു. പെയിന്റിങ് തൊഴിലാളിയെ ചിലർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എട്ട് മാസം മുമ്പാണ് സൂര്യ വിവാഹിതനായത്. ഇയാളുടെ ബന്ധുക്കളും പ്രദേശവാസികളും ജെ 5 ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി മാധുരിക്ക് എതിരെ നടപടി ആവശ്യപ്പെട്ടു.
പൊലിസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌പ്പോൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ ബീദ മസ്താൻ റാവു ഗ്രൂപ്പിന്റേതാണെന്ന് മനസ്സിലായി. മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
ബീദ മസ്താൻ റാവു 2022 മുതൽ രാജ്യസഭാ എംപിയാണ്. എം എൽഎയുമായിരുന്നു. സീ ഫുഡ് വ്യവസായത്തിൽ പേരുകേട്ടവരാണ് ബിഎംആർ ഗ്രൂപ്പ്.
പൂണെയിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് യുവ സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെട്ടത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്കകം പ്രതിയായ പതിനേഴുകാരനെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ട് ജാമ്യത്തിൽ വിട്ടതും വിവാദമായിരുന്നു. പിന്നീട് ഈ കേസ് ഇല്ലാതാക്കാൻ കുടുംബം നടത്തിയ ഇടപെടലുകളും പുറത്ത് വന്നിരുന്നു.