കോഴഞ്ചേരി: സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്ന യുവതിയെ മയക്കുമരുന്ന് നൽകി ബോധം കെടുത്തി ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ ഡോക്ടർക്കെതിരേ പൊലീസ് കേസെടുത്തു. കിടങ്ങന്നൂരിൽ ദയ ഹെൽത്ത് കെയർ സെന്റർ എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്ടർ സജീവനെതിരേയാണ് ആറന്മുള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇടുക്കി സ്വദേശിനി(40)യുടെ പരാതിയിലാണ് കേസ്. നഴിസിങ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് ആശുപത്രിയിൽ വന്നതെന്ന് യുവതി പറയുന്നു. ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി 29 നാണ് യുവതിയെ ആശുപത്രിയിൽ വരുത്തിയത്. അന്ന് രാത്രി മുകളിലത്തെ നിലയിൽ ഡോക്ടറുടെ റൂമിനോട് ചേർന്ന ഗസ്റ്റ് റൂമിൽ പരാതിക്കാരി തങ്ങി.

രാത്രി എട്ടരയോടെ വെള്ളം ആവശ്യപ്പെട്ട യുവതിക്ക് ഡോക്ടർ കുപ്പിവെള്ളം നൽകി. ഇത് കുടിച്ച് മയങ്ങിപ്പോയ തന്നെ 30 ന് പുലർച്ചെ ഒരു മണിയോടെ ഡോക്ടർ ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. ഇന്നലെയാണ് ആറന്മുള പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.