- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ മൃതദേഹം; പതിവ് അറ്റകുറ്റപണികള്‍ക്കായി ഹാങ്ങറിലേക്ക് മാറ്റുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്; ആളെ തിരച്ചറിഞ്ഞിട്ടില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
നോര്‍ത്ത് കരോലിന: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ദുരൂഹ മൃതദേഹം കണ്ടെത്തി. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.
യൂറോപ്പില്‍ നിന്നെത്തിയ ബോയിങ് 777-200 ഇആര്‍ വിമാനത്തെ പതിവ് അറ്റകുറ്റപണികള്‍ക്കായി ഹാങ്ങറിലേക്ക് മാറ്റുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടെ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇയാള്‍ എങ്ങനെ ലാന്‍ഡിങ് ഗിയറില്‍ എത്തിപ്പെട്ടു എന്നതിനെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മണിക്കാണ് ലാന്‍ഡിങ് കഴിഞ്ഞ് എയര്‍ലൈന്‍സ് അറ്റകുറ്റപണികള്‍ക്കായി കൊണ്ടുപോയത്. തുടര്‍ന്ന് പണി നടക്കുന്നതിനിടെയാണ് ലാന്‍ഡിങ് ഗിയറിന്റെ അടുത്ത് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡിവിഷന്‍ ഓഫീസര്‍ സ്ഥലത്ത് എത്തി മരിച്ചുവെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം ആരുടെയെന്ന് തിരിച്ചറിയാത്തതിനാല്‍ തന്നെ ഇയാള്‍ എവിടുത്ത്ക്കാരന്‍ ആണെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
വിമാനങ്ങളുടെ വീല്‍ അറകളില്‍ ഒളിച്ച് യാത്ര ചെയ്യാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞകാലത്ത് പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ കൂടുതലും ദുരന്തത്തില്‍ കലാശിക്കുന്നതായി ഏവിയേഷന്‍ വിഭാഗം വ്യക്തമാക്കുന്നു. തണുപ്പ്, ഓക്സിജന്റെ അഭാവം, ഉയര്‍ന്ന കാറ്റിന്റെ സമ്മര്‍ദം തുടങ്ങിയവയാണ് ജീവന്‍ നഷ്ടപ്പെടാന്‍ പ്രധാന കാരണം.
അടുത്തിടെ അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ 13 കാരനും, അമേരിക്കയില്‍ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നടന്ന സമാന സംഭവവും ഇതിന്റെ ഉദാഹരണങ്ങളാണ്. പുതിയ സംഭവവും അതേ രീതിയിലുള്ള ശ്രമമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഫെഡറല്‍ ഏവിയേഷന്‍ കണക്കനുസരിച്ച് വീല്‍ അറയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത 77 ശതമാനം പേരും മരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.