മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ അമ്മയെയും ഒന്നും നാലും വയസായ രണ്ട് പെൺകുട്ടികളെയും ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർതൃവീട്ടിലെ പീഡനമാണ് യുവതിയുടെ മരണത്തിന് പിന്നിലെന്നും മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ശബ്ദ സന്ദേശം യുവതി അയച്ചിരുന്നെന്നും സഹോദരൻ തസ്‌ലിം ആരോപിച്ചു. വൈകിയാണ് തങ്ങളെ മരണവിവരം അറിയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റിപ്പാല ചെട്ടിയാം കിണറിനു സമീപമുള്ള വീട്ടിലാണ് നാടു നടുങ്ങിയ മരണങ്ങളുണ്ടായത്. ചെട്ടിയാം കിണർനാവുങ്ങത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മർസീ വ മറിയം എന്നിവരാണ് മരണപ്പെട്ടത്. സഫ്‌വയെ തൂങ്ങിമരിച്ച നിലയിലും മക്കളായ നാലു വയസ്സുകാരി ഫാത്തിമ മർസീഹയെയും ഒരു വയസ്സുള്ള മറിയത്തെയും കിടപ്പു മുറിയിലും മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

മരണവിവരം നാലു മണിക്ക് റഷീദലി അറിഞ്ഞെങ്കിലും തങ്ങളെ വൈകിയാണ് വിവരം അറിയിച്ചതെന്ന ആരോപണവും സഫ്‌വയുടെ കുടുംബം ഉന്നയിക്കുന്നു. ഇന്നലെ ഭർത്താവിന്റെ സഹോദരി ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. രണ്ട് പെൺകുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സഫ്‌വ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ സഫ്‌വയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ താനൂർ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

താൻ ഇന്നലെ മറ്റൊരു മുറിയിലാണ് കിടന്നതെന്നും പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് ഭർത്താവ് റഷീദലിയുടെ വിശദീകരണം. എന്നാൽ പുലർച്ചെ സഫ്‌വ ഭർത്താവിന് സന്ദേശം അയച്ചിരുന്നെന്നും ഇതിൽ ഭർത്താവ് മർദ്ദിച്ചതായി സൂചനയുണ്ടെന്നും സഹോദരൻ ആരോപിച്ചു. 'മർദ്ദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാകില്ല' എന്ന സന്ദേശം സഫ്‌വയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയെന്നും സഹോദരൻ തസ്‌ലിം പറഞ്ഞു.

ഇന്നലെ രാത്രി ഭർത്താവ് റാഷിദലിയും സഫ്‌വയും വഴക്കിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ തുടർച്ചയായാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് പറയുന്നത്. ഭർത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു യുവതി കടുംകൈ ചെയ്തത്. ''ഞങ്ങൾപോകുന്നുവെന്നായിരുന്നു സന്ദേശം''. 'മർദ്ദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാകില്ല' എന്ന സന്ദേശം സഫ്‌വയുടെ ഫോണിൽ കണ്ടെത്തിയിരുന്നു. വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടിൽ വന്നത്. എന്നാൽ, ഇവർക്കിടയിൽ ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാൻ പോകാൻ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു. സംഭവ ദിവസം തലേന്ന് സഫ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്. ഇന്നലെ പുലർച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയിൽ കിടക്കുന്ന ഭർത്താവിന് ഞങ്ങൾ പോവുകയാണ് എന്ന ആത്മഹത്യാ സന്ദേശം വാട്‌സാപ്പ് വഴി അയച്ചിരുന്നു.

മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മർഷീഹ എന്നിവർ കട്ടിലിലും മരിച്ച നിലയിൽ കിടക്കുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൽപ്പകഞ്ചേരി എസ്ഐ.ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ജഡങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരൂർ ഡി.വൈ.എസ്‌പി ക്കാണ് അന്വേഷണച്ചുമതല. ആദ്യം കുഞ്ഞുങ്ങളെ വിഷം നൽകിയാണ് മാതാവ് കൊലപ്പെടുത്തിയതെന്നാണയിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ നിന്നാണ് വിഷം അകത്തുചെന്നിട്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും കണ്ടെത്തിയത്.

സംഭവിച്ചതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണം എന്ന് സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു. ' മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അതുകൊണ്ട് പോകുന്നു ' എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് പറയത്തക്ക വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്താണ് നടന്നത് എന്ന് അന്വേഷിക്കണം എന്നും സഫ്‌വയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു.'

മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫ്‌വ മെസ്സേജ് അയച്ചു എങ്കിലും അക്കാര്യങ്ങൾ ഞങ്ങളെ അറിയിച്ചത് ആറു മണിയോടെ മാത്രം ആണ് . ഞങ്ങൾ ഇതെല്ലാം അറിയാൻ വൈകി . എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയണം' മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹത ഉണ്ട്. സമഗ്രമായ അന്വേഷണം പൊലീസ് നടത്തണം. സഫ്‌വയുടെ കുടുംബം ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പായിരുന്നു റാഷിദിന്റെയും സഫ് വയുടെയും വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്.