തിരുവനന്തപുരം: കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന സൂചന. പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിന്റെ (44) മൃതദേഹമാണ് ഇന്ന് പുലർച്ചെ 12 മണിയോടെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം.

ദീപുവിന് ജീവന് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കുന്നു. ഇതോടെ ദീപുവിനെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പണത്തിനായി ഭർത്താവിനെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ദീപുവിന്റെ ഭാര്യ പറഞ്ഞത്. 50 ലക്ഷം ആവശ്യപ്പെട്ട് ഒരു ഗ്യാങ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ദീപുവിന്റെ ഭാര്യ വ്യക്തമാക്കി.

കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കാണാനില്ലെന്നാണ് വിവരം. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്യുവി കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാർക്ക് ചെയ്ത നിലയിലായിരുന്നു. അതിനാൽ ആരെയോ കാത്ത് നിൽക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്.

പാർക്കിങ് ലൈറ്റിട്ട വാഹനം കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. ദീപുവുമായി അടുത്ത ബന്ധമുള്ള ആളാവണം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വാഹനക്കച്ചവടക്കാരനായ ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്.

മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതയാണ് സൂചനകൾ. ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് കന്യാകുമാരി പൊലീസ് പറയുന്നത്.