- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയത്
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. സ്ഥലം നേരത്തെ തീരുമാനിച്ച് വാഹനം ഇവിടെയെത്തിച്ച് കൊല നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദീപുവിനെ ഭീഷണിയുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാരെയും ദീപുവിന്റെ ഫോൺരേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായ തക്കല കേന്ദ്രീകരിച്ചുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു.
പെട്രോൾ പമ്പിനു സമീപത്തുനിന്നു ലഭിച്ച ദൃശ്യങ്ങളിലാണ് കൊലപാതകിയെന്നു സംശയിക്കുന്ന ഒരാൾ കാറിൽനിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം വാങ്ങാനാണ് ദീപു കോയമ്പത്തൂരിലേക്കു പോയത്. ഇതിനായി ഒരു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററെയും നെയ്യാറ്റിൻകരയിൽനിന്ന് ഒപ്പംകൂട്ടി. ദീപു സഞ്ചരിച്ച കാർ മാർത്താണ്ഡം ഭാഗത്തേക്കു പോയതിനു ശേഷം കളിയിക്കാവിള ഭാഗത്തേക്കു തിരികെ മടങ്ങിവരുന്നതായും വീണ്ടും യുടേണെടുത്ത് പെട്രോൾ പമ്പിനു സമീപത്തായി പാർക്ക് ചെയ്യുന്നതായും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
കാറിൽ ദീപുവിനോടൊപ്പം ഉണ്ടായിരുന്നയാൾ അതിർത്തി കടന്നശേഷം കാർ ഡ്രൈവ് ചെയ്യുകയായിരുന്ന ദീപുവിന്റെ കഴുത്തിൽ ആയുധം വച്ച് ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നതാവാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റോഡരികിൽ വാഹനം നിർത്തിയപ്പോൾ കൊലപാതകം നടത്തി കാറിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞതാവാം. കാറിന്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിങ് സീറ്റിലിരുന്ന ദീപുവിന്റെ കഴുത്ത് മുറിച്ചത്. കാറിൽ നടത്തിയ പരിശോധനയിൽ പേപ്പർ മുറിക്കാനുപയോഗിക്കുന്ന മൂർച്ചയേറിയ ചെറിയ കത്തി കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായെന്നതുകൊലപാതകിക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കരുതുന്നു. കൊലപാതകത്തിന് ഈ സ്ഥലം തിരഞ്ഞെടുത്തതും ഇതുകൊണ്ടാവാം. ദൂരെനിന്നുള്ള ഒരു ദൃശ്യം മാത്രമാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. കാറിൽനിന്ന് ഒരാൾ ഇറങ്ങി കൈയിൽ ഒരു ബാഗുമായി മുടന്തി നടന്നുപോകുന്ന ദൃശ്യമാണുള്ളത്.ദീപുവിനെ കാത്ത് തക്കലയിൽനിന്നിരുന്ന സുഹൃത്തിനെയും ദീപുവിന്റെ ജീവനക്കാരെയും വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തുവെങ്കിലും ഒപ്പമുണ്ടായിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
രണ്ടു ദിവസം മുൻപ് ദീപു ഒരാളോട് ജെ.സി.ബി.യുമായി ബന്ധപ്പെട്ട വിവരങ്ങളും യാത്രയെയും കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഇയാളെ യാത്രയ്ക്കു വിളിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നുണ്ട്. ദീപുവിന്റെ ഫോൺകോളുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അതിർത്തിയിലെയും നെയ്യാറ്റിൻകരയിലെയും മണ്ണുമാന്തിയന്ത്ര ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മറ്റേതെങ്കിലും വാഹനം ഇവരെ പിന്തുടർന്നിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാവിലെ പുറപ്പെടാനിരുന്ന യാത്രയാണ് ദീപു രാത്രിയിലേക്കു മാറ്റിയത്. അതോടെ കൂടെ പോകാനിരുന്ന സൂപ്പർവൈസർ അനിൽകുമാർ ഒഴിവായി. പകരം ദീപുതന്നെ വാഹനമോടിച്ചാണ് കളിയിക്കാവിളയിലേക്കുപോയത്. ദീപുവിനൊപ്പം സ്ഥിരമായി യാത്രചെയ്യാറുള്ള വർക്ക്ഷോപ്പ് സൂപ്പർവൈസർ അനിൽകുമാർ, യാത്ര രാത്രിയാക്കിയതിനാൽ പിന്മാറുകയായിരുന്നു. ഫോണിൽ നെയ്യാറ്റിൻകരയിൽനിന്നു തന്നോടൊപ്പം ചേരാൻ മറ്റൊരാളോട് ദീപു പറഞ്ഞിരുന്നതായും വീട്ടുകാർ പറയുന്നു. ചില ഗുണ്ടാസംഘങ്ങളിൽനിന്നു തനിക്കു ഭീഷണിയുണ്ടെന്നും അതിനാൽ മക്കളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാര്യ വിധുമോളോട് ദീപു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. വീട്ടിലെ സെക്യൂരിറ്റി ജോലിക്കാരോടും മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീപുവിനു ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ദീപു ക്വാറി മുതലാളിയായതും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സ്വന്തമാക്കിയതും കഠിനമായ പരിശ്രമത്തിലൂടെയാണെന്ന് നാട്ടുകാർ പറയുന്നു. മറ്റുള്ളവരോടെല്ലാം സൗമ്യമായി പെരുമാറുന്നയാളായിരുന്നു ദീപു. പാപ്പനംകോട് കൈമനത്തുള്ള ദിലീപ് ഭവനാണ് ഇവരുടെ കുടുംബവീട്. പരേതനായ കെ.സോമന്റെയും ലളിതയുടെയും മകനാണ്. ദിലീപ്, ദീപ എന്നിവർ സഹോദരങ്ങളാണ്.
പത്തു വർഷം മുൻപാണ് മലയിൻകീഴ് അണപ്പാട് മൂലമ്പള്ളി ഹൗസ് പണിതത്. മനോഹരമായ വീടിനൊപ്പം ചെറിയ നീന്തൽക്കുളവും ഒരുക്കിയിട്ടുണ്ട്. വീടിനോടുചേർന്ന് വലിയ വർക്ക്‌ഷോപ്പും ജോലിക്കാർക്കുള്ള മുറികളും പണിതിട്ടുണ്ട്. ജെ.സി.ബി., ഹിറ്റാച്ചി, ടിപ്പർ, ക്രഷർ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന ഡി.ബി.എം. എന്ന വർക്ക്ഷോപ്പും സ്പെയർപാർട്സ് വിൽപ്പനയും അവിടെ നടന്നിരുന്നു. വീട് സീരിയൽ ഷൂട്ടിങ്ങിനും നൽകിയിരുന്നു.