ന്യൂഡല്‍ഹി: സിയാച്ചിനില്‍ 2023 ജൂലൈയില്‍ നടന്ന തീപിടിത്തത്തില്‍ പൊള്ളലേറ്റ് വീരമൃത്യു വരിച്ച ധീരജവാന്‍ അന്‍ഷുമാന്‍ സിങിന്റെ ഭാര്യ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഡല്‍ഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഡല്‍ഹി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

എട്ട് വര്‍ഷത്തോളം നീണ്ട വിദൂര പ്രണയത്തിനൊടുവില്‍ 2023 ഫെബ്രുവരിയിലാണ് അന്‍ഷുമാന്‍ സിങും സ്മൃതിയും വിവാഹിതരായത്. എന്നാല്‍ അതേ വര്‍ഷം ജൂലൈയില്‍ സിയാച്ചിനിലെ ദാരുണ അപകടത്തില്‍ രണ്ട് സൈനികരുടെ ജീവന്‍ രക്ഷിച്ച ശേഷം അന്‍ഷുമാന്‍ സിങ് വീരചരമം പ്രാപിക്കുകയായിരുന്നു. മരണമുഖത്തും കാട്ടിയ ധീരമായ ചെറുത്തുനില്‍പ്പിന് അദ്ദേഹത്തിന് കീര്‍ത്തിചക്ര ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്മൃതി സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭര്‍തൃമാതാവും പിതാവും രംഗത്ത് വന്നിരുന്നു. മകന് ലഭിച്ച സൈനികബഹുമതിളും ഫോട്ടോ ആല്‍ബങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ എല്ലാം ഓര്‍മകളും സ്മൃതി പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവര്‍ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീര്‍ത്തിചക്ര പുരസ്‌കാരത്തില്‍ ഒന്ന് തൊടാന്‍പോലും കഴിഞ്ഞില്ലെന്ന് അന്‍ഷുമാന്‍ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞിരുന്നു.

ജൂലായ് അഞ്ചിന് രാഷ്ട്രപതി ഭവനില്‍നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സ്മൃതിക്കൊപ്പം പങ്കെടുത്തു. അതിനിടെ, കരസേനാ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം ഫോട്ടോ എടുക്കുന്നതിനിടയില്‍ പുരസ്‌കാരത്തില്‍ ഒന്ന് തൊട്ടു. എന്നാല്‍, അതിനുശേഷം പുരസ്‌കാരം സ്മൃതി തന്റെ കൈയ്യില്‍നിന്ന് എടുത്തുവെന്നു മഞ്ജു പറഞ്ഞു.

തന്റെ മകന്റെ ഔദ്യോഗിക വിലാസം ലഖ്‌നൗവില്‍നിന്ന് ഗുര്‍ദാസ്പുരിലേക്ക് സ്മൃതി മാറ്റിയതായി അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചു. മകനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മൃതിയിലേക്ക് മാത്രം എത്തിച്ചേരണമെന്നുള്ള ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്യണം. സൈനികബഹുമതികളുടെ ഒരു പകര്‍പ്പ് ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും നല്‍കണം. അതുവഴി, തന്റെ മകന്റെ ഓര്‍മകള്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും രവി പ്രതാപ് സിങ് പറഞ്ഞു.

2023 ജൂലായ് 19-ന് സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.