- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയെ നടുക്കി വീണ്ടും പ്രണയക്കൊല; വിവാഹ അഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് പാർക്കിൽവച്ച് ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; നർഗീസിനെ കൊന്നത് വിവാഹാലോചന യുവതിയുടെ വീട്ടുകാർ നിരസിച്ചതിനു പിന്നാലെ കാമുകിയും അവഗണിക്കുന്നുവെന്ന് തോന്നിയതിനാലെന്ന് പ്രതി ഇർഫാൻ
ന്യൂഡൽഹി: ഡൽഹിയ നടുക്കി വീണ്ടും പ്രണയത്തിന്റെ പേരിൽ അരുംകൊല. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ അടിച്ചുകൊന്നു. മാളവ്യ നഗറിൽ അരബിന്ദോ കോളജിന് സമീപമാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. കമല നെഹ്രു കോളജിലെ 25കാരി നർഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി ഇർഫാൻ പൊലീസിനോട് പറഞ്ഞു. അരബിന്ദോ കോളജിന് സമീപത്തെ പാർക്കിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അക്രമി ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നെന്ന് ഡൽഹി സൗത്ത് ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു. മൃതദേഹത്തിന് സമീപത്തുവച്ച് ഇരുമ്പ് വടി കണ്ടെത്തി.
യുവതിയുടെ തലയിൽ അടിയേറ്റ് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം വാർന്നൊലിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട യുവതി.
യുവതിയെ ഡൽഹിയിലെ പാർക്കിൽ പട്ടാപ്പകൽ തലക്കടിച്ചു കൊലപ്പെടുത്തിയത് തന്നോട് സംസാരിക്കാൻ തയ്യാറാവാത്തതിനാലെന്നാണ് പ്രതിയുടെ മൊഴി. . വിവാഹാലോചന യുവതിയുടെ വീട്ടുകാർ നിരസിച്ചതിനുപിന്നാലെ കാമുകിയായിരുന്ന യുവതിയും തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതോടെയാണ് കൊല നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സഹോദരിമാരുടെ മക്കളാണ് ഇർഫാനും നർഗീസും. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. നർഗീസിനെ വിവാഹം ചെയ്യാൻ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ എതിർത്തു. പിന്നാലെ, നർഗീസ് ഇർഫാനോട് സംസാരിക്കാൻ കൂട്ടാക്കാതെയായി. ഇതിൽനിന്നുണ്ടായ പകയെ തുടർന്നാണ് യുവാവ് ഇരുമ്പുദണ്ഡ് കൊണ്ട് നർഗീസിനെ തലക്കടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.
അരബിന്ദോ കോളജിന് അടുത്തുള്ള വിജയ് മണ്ഡൽ പാർക്കിലെ ബെഞ്ചിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു നർഗീസിനെ കണ്ടത്. അടിയേറ്റ് സംഭവ സ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചതായി പൊലീസ് പറഞ്ഞു. കമല നെഹ്‌റു കോളജിൽനിന്ന് ഈ വർഷം ബിരുദം പുർത്തിയാക്കിയതാണ് നർഗീസ്. പിന്നീട് മാളവ്യ നഗറിലെ സ്റ്റെനോഗ്രാഫി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലിക്കുകയായിരുന്നു.




